ക്വാലാലംപുർ: അനുഗ്രഹിക്കാനെന്ന വ്യാജേന മലേഷ്യൻ ക്ഷേത്രത്തിലെ ഇന്ത്യൻ പുരോഹിതൻ തന്നെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് ആരോപിച്ച് ഇന്ത്യൻ വംശജയായ നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ.
മലേഷ്യയിലെ സെപാങ്ങിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരെ ആണ് ലൈംഗികാരോപണം. ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറച്ചില്‍ നടത്തിയ ലിഷാല്ലിനിക്ക് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
ശനിയാഴ്ചയാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി നടി സ്ഥിരമായി മാരിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. അമ്മ ഇന്ത്യയിലേക്ക് പോയതിനാൽ ശനിയാഴ്ച ഒറ്റയ്ക്കാണ് ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രദർശനത്തിനിടെ തനിക്ക് പുരോഹിതൻ തീർഥവും പൂജിച്ച ചരടും നൽകി. കൂടാതെ പ്രത്യേക അനുഗ്രഹത്തിനായി അൽപം കാത്തിരിക്കാനും ക്ഷേത്രത്തിനരികിലെ മറ്റൊരു ഓഫിസ് മുറിയിലേക്ക് എത്താനും ആവശ്യപ്പെട്ടു. ആ മുറിയിൽ വച്ച് വെള്ളത്തിൽ രൂക്ഷമായ ഗന്ധമുള്ള എന്തോ വസ്തു കലക്കിയതിനു ശേഷം ഇതു സാധാരണക്കാർക്കു താൻ കൊടുക്കാറില്ലെന്നും ഇന്ത്യയിൽ നിന്ന് പ്രത്യേകം എത്തിച്ചതാണെന്നും പറഞ്ഞതിനു ശേഷം മുഖത്തേക്ക് തളിച്ചു.
എന്നാൽ ആ വെള്ളം തന്റെ മുഖത്തേക്ക് തളിച്ചതേ കണ്ണുകൾ തുറക്കാനാകാത്ത വിധം നീറിത്തുടങ്ങി. ആ സമയത്ത് പൂജാരി വസ്ത്രത്തിനുള്ളിലൂടെ മാറിടത്തിൽ സ്പർശിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ തനിക്ക് ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ പറ്റിയില്ലെന്നും പക്ഷേ പിന്നീടുള്ള ദിവസങ്ങൾ കടുത്ത മാനസിക സംഘർഷത്തിന്‍റേതായിരുന്നുവെന്നും നടി പറയുന്നു. വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് ക്ഷേത്രത്തിന്‍റെ സത്പേര് നില നിർത്താനായാണ് ശ്രമിച്ചതെന്ന് തോന്നിയതോടെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടാൻ തീരുമാനിച്ചതെന്നും താരം പറയുന്നു. ക്ഷേത്രത്തിന്‍റെ പേരും ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനാണെന്ന് പോലീസ് അറിയിച്ചു. സ്ഥിരം പൂജാരി തിരിച്ചെത്തിയപ്പോൾ അയാൾ പോയെന്നും പോലീസ് വ്യക്തമാക്കി.
അതിനിടെ ‘പുണ്യതീർത്ഥം’ എന്ന് പറഞ്ഞ് ജലം തളിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുന്ന രീതിയാണ് അയാൾ എല്ലാവരുടെയും അടുത്ത് പ്രയോഗിച്ചിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
മലേഷ്യയില്‍ മാത്രം നിറഞ്ഞുനിന്ന ലിഷാല്ലിനി തന്റെ ദുരനുഭവം തുറന്നുപറഞ്ഞതിലൂടെ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണ്.

