കോട്ടയം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹദൂത് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള മാധ്യമ സൂര്യന് പുരസ്കാരം സൂര്യ ന്യൂസ് ലൈവ് ചീഫ് ന്യൂസ് കോര്‍ഡിനേറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന് കോട്ടയം ജില്ലാകമ്മിറ്റിയംഗവുമായ നിയാസ് മുസ്തഫയ്ക്ക്.
ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം പ്രസ്ക്ലബ്ബില്‍ നടക്കുന്ന സ്നേഹദൂത് ഇന്ത്യയുടെ സംസ്ഥാന സമിതിയുടെ 34-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗവ. ചീഫ് വിപ്പ് പ്രൊഫ. എന്‍ ജയരാജ് പുരസ്കാര വിതരണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
രണ്ടു പതിറ്റാണ്ടായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിയാസ് മുസ്തഫയെ ഇക്കാലയളവിലെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. നേരത്തെ ദീപിക, കേരള കൗമുദി പത്രാധിപസമിതി അംഗമായിരുന്നു.
ഉമ്മന്‍ചാണ്ടി അനുസ്മരണം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും. മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന് ആയിരുന്ന ഏ.ആര് ജോണ്‍സണിന്റെ അനുസ്മരണം മലയാള മനോരമ വീക്കിലി എഡിറ്റര്‍ ഇന്‍ ചാര്‍ജ് എംഎസ് ദിലീപ് നിര്‍വഹിക്കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോട്ടയം പ്രസ്ക്ലബ്ബ് സെക്രട്ടറി ജോബിന് സെബാസ്റ്റിയന് അനുമോദിക്കും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് കോട്ടയം നഗരസഭയിലെ മികച്ച കുടുംബശ്രീകളെ ആദരിക്കും.
സംഘാടക സമിതി ചെയര്‍മാനും മുനിസിപ്പല്‍ കൗണ്‍സിലറുമായ സാബു മാത്യു സ്വാഗതവും കാലഘട്ടം ചീഫ് എഡിറ്റര്‍ കോട്ടയം മണി നന്ദിയും പറയും. പ്രസിഡന്റ് റ്റി.എന്‍ പരമേശ്വരകുറുപ്പ് ആമുഖം പറയും.
സൂര്യ ന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ രാജു ആനിക്കാട്, എം.ജി യൂണിവേഴ്സിറ്റി മുന്‍ പി.ആര്.ഒ അഡ്വ.ജി ശ്രീകുമാര്‍, എസിവി ക്യാമറമാന് അനില്‍ ആലുവ എന്നിവര്‍ ആശംസകള്‍ നേരും.

