Spread the love

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുമരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കാന്‍ ബിന്ദു ജോലി ചെയ്ത തലയോലപ്പറമ്പിലെ സ്ഥാപനം.തലയോലപ്പറമ്പ് ശിവാസ് സില്‍ക്‌സ് ഉടമയായ പി. ആനന്ദാക്ഷന് ബിന്ദുവിന്റെ മരണവിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ട അവസ്ഥയില്‍ ഹൃദയം നൊന്തു. വീടിന്റെ ഏക ആശ്രയമായിരുന്നു ബിന്ദുവെന്ന് അറിഞ്ഞിരുന്നില്ല. മരണത്തോടെ പ്രശ്‌നത്തിലായ കുടുംബത്തിന് വരുമാനം മുടങ്ങാതിരിക്കാന്‍ അമ്മ സീതാലക്ഷ്മിക്ക് മാസംതോറും 5000 രൂപയും നല്‍കാന്‍ തീരുമാനിച്ചു. അപകടം നടന്ന വ്യാഴാഴ്ചയാണ് പി. ആനന്ദാക്ഷന്‍ ആദ്യമായി ബിന്ദുവിന്റെ വീട്ടില്‍ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍നിന്നാണ് തന്റെ കടയിലേക്ക് എട്ട് വര്‍ഷമായി ബിന്ദു വന്നിരുന്നതെന്ന് ആനന്ദാക്ഷന് വിശ്വസിക്കാനായില്ല. പെന്‍ഷന്‍ പോലെ ആജീവനാന്തം എല്ലാ മാസവും രണ്ടാം തീയതിക്ക് മുമ്പായി 5000 രൂപ നല്‍കും. ഒരു ലക്ഷം രൂപ രണ്ട് ദിവസത്തിനകം കൈമാറും.

22 വര്‍ഷം മുമ്പാണ് ആനന്ദാക്ഷനും ഭാര്യ ജിജിയും ചേര്‍ന്ന് തലയോലപ്പറമ്പില്‍ തുണിക്കട തുടങ്ങുന്നത്. ആകസ്മികമായാണ് ബിന്ദു കടയില്‍ ജോലിക്കായി എത്തുന്നത്. കടയില്‍ സാരിവാങ്ങിക്കാന്‍ വന്ന ബിന്ദുവിനോട്, ഇവിടെ നില്‍ക്കാന്‍ താത്പര്യമുണ്ടോ എന്ന് ജിജി ചോദിച്ചു. അടുത്തദിവസം ബിന്ദു എത്തി. വളരെ സൗഹാര്‍ദത്തോടെയാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന്് ജിജി പറയുന്നു
400 രൂപയായിരുന്നു ദിവസ ശമ്പളം. ഞായറാഴ്ച 500 രൂപയും. ബിന്ദുവിന്റെ ആവശ്യപ്രകാരം ആഴ്ചയിലാണ് പണം നല്‍കിയിരുന്നത്.