ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും നവവധുവിന്റെ ആത്മഹത്യ. തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
ജൂൺ 27 നാണ് മരിച്ച ലോകേശ്വരി വിവാഹിതയായത്. ജൂൺ 30 ന് ഇരുവരും ലോകേശ്വരിയുടെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പിതാവ് ഗജേന്ദ്രൻ പൊന്നേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഭർത്താവ് ലോകേശ്വരിയോട് അവളുടെ മാതാപിതാക്കളിൽ നിന്ന് കൂടുതൽ പവൻ സ്വർണ്ണം, ഒരു എയർ കണ്ടീഷണർ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. തുടർന്നു ഇതേ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതോടെ ലോകേശ്വരി ശുചിമുറിയിൽ കയറി വാതിലടച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.
യുവതി വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ പൊന്നേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കട്ടാവൂര്‍ സ്വദേശിയായ പനീര്‍ (37) ആണ് ലോകേശ്വരിയെ വിവാഹം കഴിച്ചത്. പനീര്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ് . യുവതിയുടെ വീട്ടുകാരോട് പനീറിന്റെ കുടുംബം 10 പവന്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 5 പവന്‍ നല്‍കാമെന്നായിരുന്നു ലോകേശ്വരിയുടെ വീട്ടുകാര്‍ സമ്മതിച്ചത്. എന്നാല്‍ 4 പവന്‍ സ്വര്‍ണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നല്‍കാന്‍ കഴിഞ്ഞത്.
ഇതോടെ വിവാഹത്തിന് ശേഷം ലോകേശ്വരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത മരുമകള്‍ക്ക് 12 പവന്‍ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവന്‍ സ്വര്‍ണം ഉടന്‍ ലഭിക്കണമെന്നും പറഞ്ഞാണ് പനീറിന്റെ വീട്ടുകാര്‍ ലോകേശ്വരിയെ ഉപദ്രവിച്ചിരുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

