Spread the love

കൊച്ചി: യാത്രക്കാര്‍ക്കു തൃപ്തികരമായ സേവനം ലഭിക്കുന്നതുവരെ റോഡ് ടോള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി. രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി തൃശൂര്‍ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഉപഹര്‍ജിയിലായിരുന്നു ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി 25ലേക്കു മാറ്റി.

അടിപ്പാത നിര്‍മാണം മൂലം ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ കുരുക്ക് ചൂണ്ട ി ക്കാട്ടിയാണ് ഹര്‍ജി. എന്നാല്‍ ഈ ജോലി ഏറ്റെടുത്തിരിക്കുന്നത് മറ്റൊരു കരാറുകാരനാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഇതു പറഞ്ഞു പരസ്പരം പഴിചാരേണ്ട ജനങ്ങള്‍ക്ക് അത് അറിയേണ്ടതില്ല. മോശം സേവനം ലഭിക്കുമ്പോള്‍ ജനം ടോള്‍ നല്‍കേണ്ടതുണ്ടോയെന്നും ചോദിച്ചു.

റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കില്‍ ടോള്‍ ഇളവിന് അര്‍ഹതയുണ്ടെങ്കിലും ഗതാഗതക്കുരുക്ക് വേറെ കാര്യമാണെന്നു കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍.എല്‍. സുന്ദരേശന്‍ അറിയിച്ചു. എന്നാല്‍ കുരുക്ക് വെറുതെ ഉണ്ടാകുന്നതല്ലെന്നും നിര്‍മാണ ജോലികള്‍ കാരണമാണെന്നും കോടതി പറഞ്ഞു.

റോഡ് നിര്‍മാണത്തിനു ചെലവായതിനെക്കാള്‍ തുക ഇതിനകം പാലിയേക്കര ടോള്‍ വഴി ലഭിച്ചതിനാല്‍ പിരിവിന്റെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്.

ദേശീയപാതയില്‍ അതിരൂക്ഷമായ ഗതാഗതകരുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതില്‍ തൃശൂര്‍ മണ്ണൂത്തി, വടക്കാഞ്ചേരി, ചാലക്കുടി മുരിങ്ങൂര്‍ എന്നിവിടങ്ങളില്‍ മണിക്കൂറുകളാണ് ആംബുലന്‍സ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ അകപ്പെടുന്നത്.