നിലമ്പൂരില്‍ ഈസിയായി വിജയിക്കാനാകുമെന്നായിരുന്നു ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ കണക്കുകൂട്ടല്‍. പിന്നീട് എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിട്ട് വന്നപ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ കുറച്ചുകൂടി കുറഞ്ഞു. എങ്കിലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഞായറാഴ്ച നടന്ന പി.വി അന്‍വറിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം യുഡിഎഫ് ക്യാമ്പില്‍ വീണ്ടും ആശങ്കകള്‍ കൊണ്ടുവരികയാണ്. ഇപ്പോള്‍ വലിയ ഭൂരിപക്ഷമൊന്നും കിട്ടിയില്ലെങ്കിലും വിജയിക്കാനാവുമെന്ന് മാത്രമാണ് യുഡിഎഫ് നേതാക്കള്‍ സ്വകാര്യമായി പറയുന്നത്.
തന്റെ റോഡ് ഷോയില്‍ വന്ന ജനക്കൂട്ടം നാട്ടിലെ വോട്ടര്‍മാരാണെന്നും മറ്റു മണ്ഡലങ്ങളില്‍നിന്നുള്ളവരല്ലെന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ ക്രിക്കറ്ററും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താനെ കാണാനാണ് ആളുകള്‍ തടിച്ചുകൂടിയതെന്നും ആള്‍ക്കൂട്ടം വലിയ കാര്യമാക്കേണ്ടതില്ലെന്നുമാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ പരസ്യമായി പറയുന്നതെങ്കിലും അണിയറയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല പറയുന്നത്.
പി.വി അന്‍വര്‍ അങ്ങേയറ്റം പതിനായിരത്തില്‍ താഴെ വോട്ട് മാത്രമേ പിടിക്കൂവെന്നായിരുന്നു ഇരുമുന്നണികളുടെയും കണക്കുകൂട്ടല്‍. എന്നാല്‍ റോഡ് ഷോയിലെ ജനപങ്കാളിത്തം ഇരുമുന്നണികളുടെയും കണക്കുകള്‍ തെറ്റിക്കുന്നുണ്ട്. 20000ത്തിനടുത്ത് വോട്ടുകള്‍ അന്‍വര്‍ പിടിച്ചേക്കാമെന്നാണ് ഇപ്പോള്‍ മുന്നണികളുടെ രഹസ്യ വിലയിരുത്തലെന്നാണ് അറിവ്.
എന്നാല്‍ 75000 വോട്ടുകള്‍ നേടി താന്‍ വിജയിക്കുമെന്ന് അന്‍വര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ഏതു മുന്നണിയുടെ വോട്ടുകള്‍ ആയിരിക്കുമെന്ന കാര്യത്തിലാണ് മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയപരാജയങ്ങളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലമ്പൂരില്‍ എം.സ്വരാജ് വിജയിച്ചാല്‍ അത് പിണറായി സര്‍ക്കാരിന് തുടര്‍ഭരണത്തിനുള്ള അംഗീകാരമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ് ഇപ്പോള്‍. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തങ്ങളുടേതാവില്ലെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന എം.സ്വരാജ് വിജയിക്കുമെന്ന കാര്യം ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.
എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞാലും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് നേടുമെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും യുഡിഎഫ് കരുതുന്നത്. കോണ്‍ഗ്രസ്, ലീഗ് അണികളും നേതാക്കളും അടിത്തട്ടില്‍ നന്നായി പണിയെടുക്കുന്നുണ്ടെന്നും അതിന്റെ റിസല്‍ട്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമാകുമെന്നും അവര്‍ കരുതുന്നു.
ഏതെങ്കിലും കാരണവശാല്‍ എം സ്വരാജ് ജയിക്കുകയും ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുകയും ചെയ്താല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സ്ഥാനം യുഡിഎഫിന്റെ പുറമ്പോക്കിലാകാനുള്ള സാദ്ധ്യത ഏറെയാണ്.
പിണറായിസത്തെ എതിര്‍ത്താണ് അന്‍വര്‍ മത്സരരംഗത്ത് വന്നതെങ്കിലും യുഡിഎഫ് പരാജയപ്പെട്ടാല്‍ അന്‍വറിന് യുഡിഎഫിലേക്കുള്ള പ്രവേശനം എളുപ്പമാക്കാം. അന്‍വര്‍ കേരള രാഷ്ട്രീയത്തിലെ ശക്തികേന്ദ്രവുമായി മാറും.
എന്തായാലും 20000 വോട്ടുകള്‍ക്ക് മുകളില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ നേടിയാല്‍ പരാജയപ്പെട്ടാലും ശക്തിതെളിയിച്ചുവെന്ന് അന്‍വറിന് നിസംശയം പറയാം. ഇത് അന്‍വറിന്റെ നല്‍കുന്ന ആത്മവിശ്വാസം ചെറുതാവുകയുമില്ല.

