തിരുവനന്തപുരം: കാട്ടാക്കടയിൽ കാറിടിപ്പിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
2023 ലാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
15 വയസ്സുകാരനായ ആദിശേഖറിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രിയരഞ്ജന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

