കർണാടക: സർക്കാർ സ്കൂൾ ഹോസ്റ്റലിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിലെ പ്രസവിച്ചു. ശ്രീ ഡി. ദേവരാജ് അർസ് പ്രീ-മെട്രിക് ഗേൾസ് ഹോസ്റ്റലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
സംഭവത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത കുക്കനൂർ പോലീസ് ഹനുമഗൗഡ എന്ന 23 കാരനെ അറസ്റ്റ് ചെയ്തു. കൂടാതെ ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആറുപേർക്കെതിരെ ചുമതലയിൽ വീഴ്ച വരുത്തിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും കേസെടുത്തിട്ടുണ്ട്.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്തസ്വാമി നൽകിയ എഫ്.ഐ.ആർ. പ്രകാരം, കോപ്പൽ ജില്ലാ ആശുപത്രിയിലെ സഖി-1 സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യമുന ബെസ്റ്ററാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 5.30-ഓടെയാണ് പെൺകുട്ടി പ്രസവിച്ചതെന്നും അമ്മയെയും കുഞ്ഞിനെയും വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം ശിശു സംരക്ഷണ ഓഫീസർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ഹനുമഗൗഡ വിവാഹവാഗ്ദാനം നൽകി താനുമായി ബന്ധം സ്ഥാപിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. ഇയാൾ ഈ വർഷം ഏപ്രിൽ മുതൽ പലതവണ തന്നെ ബലാത്സംഗം ചെയ്തു എന്നും പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും പ്രതി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

