മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മമാരിൽ ഒരാളാണ് കുളപ്പുള്ളി ലീല. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി കുളപ്പുള്ളി ലീല പങ്കുവെച്ച അതീവ ദുഃഖകരമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ നിറയുന്നത്. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോൾ നിറകണ്ണുകളോടെ ഓൺലൈൻ മീഡിയയോടാണ് നടി തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്നും സന്തോഷം പോലും തൻ്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി നഷ്ടമായെന്നും നടി പറയുന്നു. ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും, മരണമാണ് ഇനിയുള്ള ലക്ഷ്യമെന്ന് വികാരദീനയായി ലീല പറയുന്നു.
“എനിക്ക് സർവ്വസ്വവും എന്റെ അമ്മയായിരുന്നു. തൊണ്ണൂറ്റിയേഴാം വയസ്സിൽ അമ്മ മരിച്ചതോടെ ഞാൻ ഈ ലോകത്ത് ഒറ്റയ്ക്കായി. ഒരു വീടുണ്ട്, പക്ഷേ അവിടെ എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തീരുമാനിച്ചു,” ലീല പറഞ്ഞു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയ്ക്കുള്ള സ്ഥലം ഒഴിച്ചിടും. എന്റെ അടുത്ത് വന്ന് കിടക്കാൻ വേണ്ടിയാണ്. രണ്ട് മക്കളേയും ഭർത്താവിനേയും എനിക്ക് നഷ്ടപ്പെട്ടു. എല്ലാം വിധിയാണ്. പക്ഷെ അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാനാവുന്നതിലും അപ്പുറമാണ്. ആരുടേയും മുന്നിൽ കരഞ്ഞ് കാണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അമ്മയുടെ കാര്യം പറയുമ്പോൾ സങ്കടം വരും. എന്റെ അവസ്ഥയൊന്നും പൊതുവെ ഞാൻ ആരോടും പറയാറില്ല.
പട്ടിണിയാണെങ്കിലും മുണ്ട് മുറുക്കി ഉടുത്തശേഷം ബിരിയാണി കഴിച്ചുവെന്ന് പറയുന്ന ആളാണ് ഞാൻ.
എനിക്ക് ഇനി ആരുമില്ലല്ലോ … ആരാണ് ഉള്ളത്?. അമ്മയുള്ളപ്പോൾ അമ്മയിലൂടെയാണ് ഞാൻ എല്ലാം കണ്ടിരുന്നത്. സിനിമ ലൊക്കേഷനിൽ എല്ലാവരും എൻ്റെ ചുറ്റിനുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ ഞാൻ മാത്രമാണ്. സിനിമയിലെ തിരക്കുകൾ മാത്രമാണ് തന്നെ ഭ്രാന്ത് പിടിപ്പിക്കാതെ പിടിച്ചുനിർത്തുന്നതെന്ന് താരം പറയുന്നു.

