Spread the love

ടെല്‍ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബീര്‍ഷെബയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി അധികൃതര്‍ അറിയിച്ചു.

അതേസമയം ഇറാന്‍ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ തുടരണമെന്നും ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതിനിടെ വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്.