ലണ്ടൻ : യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കാന്‍ മലയാളി മത്സര രംഗത്ത്. യുകെയിൽ മെയില്‍ നടക്കുന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ നേട്ടവുമായി കോട്ടയം കടുത്തുരുത്തിക്കാരൻ. നിലവില്‍ സ്പ്രൗസ്റ്റണിലെ ടൗണ്‍ കൗണ്‍സിലറും ജില്ലാ കൗണ്‍സിലറുമായ ബിബിന്‍ ബേബി മെയ് 7-ന് നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുക.
അതേസമയം പ്രാദേശിക തലത്തിൽ സ്ഥിരമായി പ്രവർത്തിക്കുകയും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം പുലർത്തുകയും ചെയ്തതാണ് അദ്ദേഹത്തെ “സുരക്ഷിത സീറ്റ്” കൈവശം വച്ചിരിക്കുന്ന നേതാവായി മാറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിൽ സ്പ്രൗസ്റ്റണിലെ ഇരുവാർഡുകളും ലേബർ പാർട്ടിയുടെ കൈവശമാണ്.
ഇത്തവണ ബിബിൻ ബേബി വിജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമുള്ള ജനപ്രതിനിധിയായി ഒരേസമയം സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയാകും. ഇത് ബ്രിട്ടിഷ് പ്രാദേശിക രാഷ്ട്രീയരംഗത്ത് തന്നെ ഒരു ചരിത്ര നേട്ടമായി രേഖപ്പെടുത്തപ്പെടും.

പരിചയസമ്പന്നനായ ബിബിൻ ബേബി രണ്ട് ക്വാസി -ജുഡീഷ്യൽ കമ്മിറ്റികളിലെ അംഗമായും അവയിൽ ഒന്നിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്നു. ഇതുകൂടാതെ മറ്റ് ചില കമ്മിറ്റികളിലും അംഗമായ ബിബിൻ നിയമപരവും നയപരവുമായ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നതിലൂടെ ശ്രദ്ധേയനാണ്. കൂടാതെ പ്രാദേശിക ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് ഗവർണറായി സേവനം അനുഷ്ഠിച്ച അനുഭവവും ഉണ്ട്. കഴിഞ്ഞ വർഷമാണ് സ്റ്റാഫ് ഗവർണർ പദവിയിൽ നിന്ന് പിന്മാറിയത്.

കോട്ടയം കടുത്തുരുത്തിയില്‍ ജനിച്ചും പൂഴിക്കോലില്‍ വളര്‍ന്നും യുകെയിലേക്ക് കുടിയേറി പൊതുസേവന രംഗത്ത് ഉയര്‍ന്ന ബിബിന്‍ ബേബിയുടെ രാഷ്ട്രീയ യാത്ര, പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കടുത്തുരുത്തി കുഴിവേലില്‍ കുടുംബാംഗമാണ് അദ്ദേഹം. ഭാര്യ ടിന്‍സി ബിബിന്‍ (തൃശൂര്‍ തൊട്ടുവേലില്‍ കുടുംബം) . ബെല്വിന് ബിബിന്‍, ബെല്‍മിയ ബിബിന്‍ എന്നീ രണ്ട് മക്കളുണ്ട്.

