Spread the love

കണ്ണൂർ ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

വീടിന് പരിസരത്തെ കിണർ നിർമാണത്തിൽ സഹായിച്ചുകൊണ്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്.

കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

 

നിലവിൽ പാലക്കാട്, കൊല്ലം ജില്ലകളിലെ കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ജില്ലകളിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് ചൂടാണ്.

 

എന്നാൽ പൊതുവെ സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

 

തീരദേശ സംസ്ഥാനമായതിനാൽ തന്നെ അന്തഃരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കും

 

മേൽസൂചിപ്പിച്ച സാഹചര്യം 2 ദിവസം തുടരുന്ന ഘട്ടത്തിലാണ് ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുക