എന്‍എസ്എസ് വിഷയത്തില്‍ ബിജെപി കേരള ഘടകത്തിന്റെ യുടേണ്‍, പെരുന്നയെ ചേര്‍ത്തുപിടിച്ച് രാജീവ് ചന്ദ്രശേഖര്‍
കോട്ടയം: ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് എതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പെരുന്നയെ ചേര്‍ത്തു പിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വസ്തുതകള്‍ വ്യക്തമാക്കുന്നു എന്ന തലക്കെട്ടിലുളള ഫേസ്ബുക്ക് പോസ്റ്റിലാണ് രാജീവ് ചന്ദ്രശേഖര്‍ നിലപാട് വിശദീകരിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
വസ്തുതകള്‍ വ്യക്തമാക്കുന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി” എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്.എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല.മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി എനിക്കുണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ.

