രാജീവര് തന്ത്രിസ്ഥാനം ഒഴിയുന്നു, ശബരിമലയില്‍ ഇനി താഴമണ്‍മഠത്തിലെ ഇളമുറക്കാര്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടി തുടരുന്നതിനിടെ തന്ത്രിസ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കണമെന്നും പകരം മകന്‍ കണ്ഠര് ബ്രഹ്‌മദത്തനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്തു നല്‍കി. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ നിലപാടു കൂടി അറിഞ്ഞ ശേഷമായിരിക്കും ബോര്‍ഡിന്റെ അന്തിമ തീരുമാനം. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.
എന്നാല്‍, ജാഗ്രതയോടെയാണു ദേവസ്വം ബോര്‍ഡിന്റെ നീക്കം. രാജീവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ബോര്‍ഡ് നിയമവിദഗ്ധരുമായി ആലോചന നടത്തുകയാണ്. സ്വമേധയാ തീരുമാനമെടുത്താല്‍ അതിനു നിയമ പരിരക്ഷയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. അതിനാലാണ് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ നിലപാടു കൂടി അറിയാന്‍ ശ്രമിക്കുന്നത്.
മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍ താഴമണ്‍മഠം കുടുംബത്തില്‍ നിന്നുള്ള 2 തന്ത്രിമാര്‍ അംഗങ്ങളാകുന്നതാണു കീഴ്വഴക്കം. നിലവില്‍ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി സ്ഥാനത്തുള്ളത്. അതേസമയം വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനം മുതല്‍ തന്ത്രിസ്ഥാനത്തിന്റെ ഊഴം കണ്ഠര് രാജീവര്‍ക്കാണ്. കണ്ഠര് മോഹനരും കണ്ഠര് രാജീവരുമാണ് തന്ത്രിസ്ഥാനം മാറിമാറി വഹിച്ചിരുന്നത്. പിന്നീടു മോഹനര് മാറി പകരം മകന്‍ കണ്ഠര് മഹേഷ് മോഹനര് ചുമതലയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രാജീവരും തന്റെ മകനു സ്ഥാനം കൈമാറാന്‍ അനുമതി തേടിയിരിക്കുന്നത്.
ശബരിമല കേസ് അന്വേഷിക്കുന്ന എസ്ഐടി 2026 ജനുവരി 9 ന് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നു ഫെബ്രുവരി 18 ന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഏകദേശം 40 ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. തന്ത്രിക്കെതിരെയുളള ആരോപിക്കുന്ന ക്രമക്കേടുകളില്‍ ഒരു തെളിവും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ഹൈക്കോടതിയും റദ്ദാക്കിയില്ല.

