കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റൃട്ടിൽ നായർ സമുദായ കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് പുറത്താക്കിയവർക്കെതിരെ നിശ്ശബ്ദനായിരിക്കുന്ന സുകുമാരൻ നായർ സമുദായത്തിന് അപമാനകരം: എൻഎസ്എസ് മോചന കർമ്മ സമിതി
കോട്ടയം/ പള്ളിക്കത്തോട് : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റൃട്ട് സന്ദർശിക്കാനെത്തിയ നായർ സമുദായത്തിലെ കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് പുറത്താക്കിയതിൽ പ്രതികരിക്കാതെ നിശ്ശബ്ദനായിരിക്കുന്ന ജനറൽ സെക്രട്ടറി സുകുമാരൻ നായർ സമുദായത്തിന് അപമാനമെന്ന് എൻഎസ്എസ് മോചനകർമ്മ സമിതി നേതാവ് ഡോ. സിആർ വിനോദ് കുമാർ.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിയ്ക്കഅധികാരികളുടെ അനുവാദം വാങ്ങി ചെന്ന എൻ എസ് എസ് ബാലസമാജം കുട്ടികളെ ജാതീയമായ അധിക്ഷേപം നടത്തി സ്ഥാപനത്തിൽ നിന്നും ആട്ടിയിറക്കിയ കോളേജ് സ്റ്റുഡൻ്റ്സ് കൗൺസിൽ നേതാക്കൾക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ നിയമനടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് കോളേജ് പടിയ്ക്കൽ എൻ എസ് എസ് മോചന കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
എൻ എസ് എസ് സംസ്ഥാന സർക്കാരിന് ദാനമായി നൽകിയ ഭൂമിയിൽ സ്‌ഥാപിച്ച സർക്കാർ സ്ഥാപനത്തിൽ നിന്നും താൻ നേതൃത്വം കൊടുക്കുന്ന സമുദായത്തിലെ ഇളം തലമുറയെ വംശീയമായി അധിക്ഷേപിച്ച് ആട്ടിയിറക്കി അപമാനിച്ചിട്ടും എൻ എസ് എസ് ജനറൽ സെക്രട്ടറി ധൃതരാഷ്ട്രഭാവത്തിൽ അഭിനയിയ്ക്കുന്നത് നായർ സമുദായത്തിൻ്റെ നാശം കാണാൻ കൊതിയ്ക്കുന്നതു കൊണ്ടാണ്.
തങ്ങളുടെ ഇളം തലമുറയ്ക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുണ്ടായ അധിക്ഷേപത്തിൽ കേരളത്തിലെ ഒരു കരയോഗം പോലും പ്രതിഷേധിയ്ക്കാതിരുന്നത് നായർ സമാജം ഊർദ്ധശ്വാസം വലിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്.
കോട്ടയം പാമ്പാടി കരയോഗത്തിലെ ബാലസമാജത്തിലെ കുട്ടികൾക്കുണ്ടായ മാനസീക പീഡനം നായർ സമാജത്തിലെ മുഴുവൻ അംഗങ്ങളേയും ഉത്കണ്ഠാകുലരാക്കിയിട്ടുണ്ട്.
അതിന്റെ പ്രതികരണമാണ് എൻ എസ് എസ് മോചന കർമ്മ സമിതിയുടെ ധർണ്ണയെന്ന് അദ്ദേഹം പറഞ്ഞു.
എൻ എസ് എസ് ഡയറക്ടർ ബോർഡിലും താലൂക്ക് യൂണിയനുകളിലും സനാതന ഉന്മൂലന സിദ്ധാന്തക്കാരായ ഇതര മതസ്ഥരെ പെരുന്നയിൽ നിന്നും നിയമിയ്ക്കുന്നത് നായർ സമാജത്തെ മാത്രമല്ല ഹിന്ദു സമൂഹത്തെ തന്നെ നിർമാർജ്ജനം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
കേന്ദ്രസർക്കാർ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി അനുവദിച്ച പത്ത് ശതമാനം സംവരണം ലഭിയ്ക്കുന്നതിനാവശ്യമായ ഇ ഡബ്ളിയു എസ് സർട്ടിഫിക്കറ്റ് നേടാൻ റവന്യൂ ഓഫീസുകൾ കയറുന്ന നായർ സമുദായ അംഗങ്ങളെ പരിഹസിച്ച് ആട്ടിയിറക്കുന്ന സർക്കാർ ജീവനക്കാരെ നിലയ്ക്കു നിർത്താൻ വിമോചനസമരം നയിച്ച എൻ എസ് എസിന് കഴിയാത്തത് നേതൃത്വം സമുദായത്തിൻ്റെ നാശം കാംക്ഷിയ്ക്കുന്നതിനാലാണെന്നും എൻ എസ് എസ് മുൻ ഡയറക്ടർ ബോർഡ് അംഗം കുടിയായ വിനോദ് കുമാർ പറഞ്ഞു.
പൊതു സമൂഹത്തിൽ ഭ്രഷ്ട് കല്പിച്ചിരുന്ന അധ:കൃത വിഭാഗത്തിന് വേണ്ടിയുള്ള സാമൂഹ്യ പരിഷ്‌ക്കരണത്തിൻ്റെ ഭാഗമായി അയിത്തോച്ചാടനത്തിനും ക്ഷേത്ര പ്രവേശനത്തിനുമായി നേതൃത്വം നൽകിയ നവോത്ഥാന നായകൻ മന്നത്ത് പത്മനാഭൻ്റെ പുതുതലമുറയ്ക്ക് ജാതി വെറിയന്മാരിൽ നിന്നും നേരിട്ട മാനസീക ആഘാതത്തിന് സാന്ത്വനം നൽകാൻ തയ്യാറായ എൻ എസ് എസ് മോചനകർമ്മ സമിതിയെ തിരുവാതാംകൂർ ദേവസ്വം ബോർഡ് മുൻ പി ആർ ഓ അയർക്കുന്നം രാമൻനായർ അഭിനന്ദിച്ചു.
എൻ എസ് എസ് മോചന കർമ്മ സമിതി പ്രസിഡൻ്റ് മുക്കാപ്പുഴ നന്ദകുമാർ അധ്യക്ഷത വഹിച്ചു.
അപമാനിതരായ കുട്ടികളുടെ പാമ്പാടി കരയോഗവും സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തെക്കുംതല കരയോഗവും ഉൾപ്പെടെ ധർണയിൽ പങ്കെടുക്കാതെ പിന്മാറിയത് ,പെരുന്ന പോപ്പിന്റെ തിട്ടൂരം വന്നതുകൊണ്ടാണന്ന് മുക്കാപ്പുഴ ആരോപിച്ചു.
എൻ.സി .സുരേഷ് ബാബു, അഡ്വ.അനിൽ മല്യത്ത്, ബ്രിഗേഡിയർ ഡോ.മോഹനൻ പിള്ള, ക്യാപ്റ്റൻ ഡി. മധുസൂദനൻ നായർ, ശരത് പുത്തൻവേലിക്കര, അജയകുമാർ നടക്കാവ്, നേമം ശിവദാസ് എന്നിവർ സംസാരിച്ചു.

