Spread the love

അധികാരക്കസേരകളൊക്കെയും വെറും താല്‍ക്കാലിക താവളങ്ങളാണെന്ന് എന്‍. പ്രശാന്ത് ഐഎഎസ് ഫേസ് ബുക്ക് കുറിപ്പ്, ചീഫ് സെക്രട്ടറി വിരമിക്കുന്ന ദിനത്തില്‍ ഭഗവത് ഗീതയും ബൈബിളും ഉദ്ധരിച്ചാണ് കുറിപ്പ്

തലമുറകളായി നമ്മള്‍ കണ്ടുപോന്ന ഈ അധികാരക്കസേരകളൊക്കെയും വെറും താല്‍ക്കാലിക താവളങ്ങളാണെന്ന് എന്‍. പ്രശാന്ത് ഐഎഎസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചീഫ് സെക്രട്ടറി വിരമിക്കുന്ന ദിനം അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ്. ഭഗവത് ഗീതയിലെ ധര്‍മ്മോ രക്ഷതി രക്ഷിത: എന്ന തലക്കെട്ടില്‍ ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചാണ് പോസ്റ്റ്

ചിലര്‍ അന്തസ്സോടെ പടിയിറങ്ങുമെന്നും ചിലരുടെ പടിയിറക്കത്തെ സമൂഹം ആശ്വാസത്തോടെ കാണുമെന്നും കായിക സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഇന്നലെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനോട് ഏറെക്കാലമായി പരസ്യനിലപാടുകളിലൂടെ എതിര്‍പ്പു പ്രകടിപ്പിച്ചു വരുന്നയാളാണു പ്രശാന്ത്. വിരമിക്കല്‍ ദിനത്തില്‍ നമ്മുടെ സംസ്‌കാരം ആവശ്യപ്പെടുന്നത് ആത്മസംയമനമാണ്. വ്യക്തിപരമായി ക്ഷമിക്കുമ്പോള്‍ തന്നെ, സമയമെടുത്തിട്ടാണെങ്കിലും നിയമലംഘനങ്ങള്‍ക്ക് നടപടി എടുക്കേണ്ടവര്‍ അതു ചെയ്യുക തന്നെ വേണമെന്നും കുറിപ്പില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചതിന്റെ പേരില്‍ ഒന്നര വര്‍ഷത്തോളം സസ്‌പെന്‍ഷനിലായ പ്രശാന്തിനെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ പ്പോള്‍ തിരിച്ചെടുത്തു.

 

·
ധര്‍മ്മോ രക്ഷതി രക്ഷിതഃ

അധികാരത്തിന്റെ ശീതളഛായയില്‍ മതിമറന്നു ജീവിക്കുന്നവര്‍ പലപ്പോഴും ഓര്‍ക്കാതെ പോകുന്ന ഒരു നിസ്സാരകാര്യമുണ്ട് – തലമുറകളായി നമ്മള്‍ കണ്ടുപോന്ന ഈ അധികാരക്കസേരകളൊക്കെയും വെറും താല്‍ക്കാലിക താവളങ്ങള്‍ മാത്രമാണെന്ന സത്യം. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോല്‍ കയ്യിലിരിക്കുമ്പോള്‍ താന്‍ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഫയലുകള്‍ക്ക് മുകളില്‍ വിധി കുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം.
അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം വിഭ്രാന്തികള്‍ക്ക് സഹാനുഭൂതിയോടെയുള്ള ചികിത്സാപദ്ധതികള്‍ നിലവിലില്ല എന്നതാണ് നമ്മുടെ ശാപം. വിസ്മൃതിയുടെ ഇരുളിലേക്ക് ആരും നോക്കാത്ത ഒരു പഴയ ഫയല്‍ പോലെ വലിച്ചെറിയപ്പെടും വരെ, തങ്ങള്‍ക്ക് ഇവിടെ അസ്തമയമില്ലെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. കാലം അവരെ തൂത്തെറിയും വരെ അവരെ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.

ജനനത്തിന്റെ ഏകാന്തതയ്ക്കും മരണത്തിന്റെ ശൂന്യതയ്ക്കുമിടയില്‍ മനുഷ്യന്‍ കെട്ടിയാടുന്ന ഈ കോലാഹലങ്ങളെ പൂന്താനം എത്ര ലളിതമായാണ് ജ്ഞാനപ്പാനയില്‍ പരിഹസിച്ചത്. ‘കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും’ എന്ന് നമ്മള്‍ പാടിപ്പഠിച്ചത് വെറുതെയല്ല. ഈ കസേരകളും ചുവന്ന നാട കെട്ടിയ ഫയലുകളും ഈ വടംവലികളും ഒടുവില്‍ ‘മധ്യേയിങ്ങനെ കാണുന്ന നേരത്തെ’ വെറും പിടിവാശികള്‍ മാത്രമാണ്. അധികാരത്തിന്റെ ആ മരീചിക ഒഴിഞ്ഞുപോകുമ്പോള്‍ കസേരത്തിലേക്ക് മറ്റൊരാള്‍ വന്നിരിക്കും; നാമപ്പലകകള്‍ അഴിച്ചുമാറ്റപ്പെടും. ഇന്നലെവരെ ഉത്തരവുകള്‍ കേട്ട് വിറങ്ങലിച്ചുനിന്ന ആ വരാന്തകള്‍ ഒരൊറ്റ രാത്രികൊണ്ട് ആ പഴയ കാല്‍പെരുമാറ്റങ്ങളുടെ ഓര്‍മ്മകളെപ്പോലും പാടെ തുടച്ചുമാറ്റും. പദവികളില്‍ നിന്നുള്ള ഈ പടിയിറക്കം, ഒരര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുമ്പോഴുള്ള മരണം തന്നെയാണ്.

ഭഗവദ്ഗീതയില്‍ പറയുന്നതുപോലെ, സ്വാര്‍ത്ഥതയും മോഹവും ബുദ്ധിയെ നാശത്തിലേക്കേ നയിക്കൂ. പണത്തോടുള്ള ആര്‍ത്തിയേക്കാള്‍ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം. ഇക്കൂട്ടര്‍ വരുംതലമുറയ്ക്ക് നല്‍കുന്ന പാഠങ്ങള്‍ എത്രമാത്രം വിഷലിപ്തമാണെന്ന് ആലോചിച്ചുനോക്കൂ. മനുഷ്യര്‍ ഔദ്യോഗിക പദവികള്‍ നേടേണ്ടത് യോഗ്യത കൊണ്ടല്ല, മറിച്ച് ചില വലിയ തമ്പുരാക്കന്മാര്‍ക്ക് വഴിവിട്ട ഒത്താശകള്‍ ചെയ്തു കൊടുക്കാനുള്ള സന്നദ്ധത കൊണ്ടാണ് എന്നവര്‍ തെളിയിക്കുന്നു. സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധര്‍മ്മത്തിന് കൂട്ടുനില്‍ക്കുന്നതും, തെറ്റ് ചെയ്യാന്‍ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാന്‍ നല്ലതെന്ന് ഇവര്‍ തുടക്കത്തിലേ പഠിച്ചുവെച്ചിട്ടുണ്ട്. എങ്കിലും കാലത്തിന്റെ വലിയ പുസ്തകത്തില്‍ ഇതൊക്കെയും രേഖപ്പെടുത്തുക തന്നെ ചെയ്യും.

ഭരണകൂടത്തിന്റെ ഉമ്മറങ്ങളില്‍ നടക്കാറുള്ള യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും പലപ്പോഴും കപടമായ ആചാരങ്ങള്‍ മാത്രമാണ്. വിടപറഞ്ഞു പോകുന്ന ഒരാളെക്കുറിച്ച് പരസ്യമായി നിന്ദ്യമായി സംസാരിക്കരുതെന്ന ലൗകികമായ ഒരു മര്യാദ. അവിടെ ക്രൂരതകള്‍ക്ക് ‘കര്‍ക്കശനിലപാട്’ എന്നും, ആരെയും വകവെക്കാത്ത അഹങ്കാരത്തിന് ‘ഭരണപരമായ ദൃഢത’ എന്നും, ചെയ്തുകൂട്ടിയ അഴിമതികള്‍ക്ക് ‘സാമര്‍ത്ഥ്യം’ എന്നും പുതിയ പേരിട്ട് വിളിക്കുന്നു. അവരുടെ ഉള്ളിലെ ഭയത്തെ അച്ചടക്കമായും, നാടിന് വരുത്തിവെച്ച പരിക്കുകളെ വെറും വിവാദങ്ങളായും മാറ്റിയെഴുതാന്‍ ചട്ടംകെട്ടി വെച്ച ചില സ്തുതിപാഠകരുണ്ടാകും. ആ ചടങ്ങില്‍ വായിക്കാനുള്ള ഡ്രാഫ്റ്റ് പോലും ഇവര്‍ തന്നെ എഴുതിക്കൊടുക്കും എന്നതാണ് ഇതിലേറ്റവും വലിയ കൗതുകം!

ഇത്തരം കാപട്യങ്ങളെയാണ് മത്തായിയുടെ സുവിശേഷം 23-ാം അധ്യായം 27-ാം വാക്യത്തില്‍ യേശുദേവന്‍ കൃത്യമായി അടയാളപ്പെടുത്തിയത്:
‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ വെള്ളയടിച്ച ശവക്കല്ലറകള്‍ക്ക് സദൃശരാകുന്നു; അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു.’
അതായത്, ഒളിച്ചുവെക്കാന്‍ ഒട്ടനവധി അസ്ഥികൂടങ്ങളുള്ളവരും കള്ളന് കഞ്ഞി വെച്ചവരും ആരാണെന്നറിയാന്‍ ഈ സ്തുതിപാഠകരുടെ പട്ടിക മാത്രം നോക്കിയാല്‍ മതിയാകും. നിലനില്‍പ്പിനായി പുകഴ്ത്തുക എന്നത് അവരുടെയൊക്കെ അനിവാര്യതയാണ്. തങ്ങളുടെ കീഴിലുള്ളവരെ അവസരവാദത്തിന്റെ കണക്കപ്പിള്ളമാരാക്കി മാറ്റുകയും, സത്യത്തേക്കാള്‍ പ്രധാനം സുഖിച്ചു ജീവിക്കലാണെന്ന് ശീലിപ്പിക്കുകയും ചെയ്യുന്നവര്‍ പടിയിറങ്ങുമ്പോള്‍ ബാക്കിവെക്കുന്നത് തങ്ങള്‍ തകര്‍ത്തുകളഞ്ഞ ഒരു ഭരണസംവിധാനമാണ്. ഇങ്ങനെ വാര്‍ത്തെടുത്ത ഭീരുക്കളെയും അഴിമതിവീരന്മാരെയും തിരിച്ചറിയാനുള്ള കൃത്യമായ അടയാളമാണ് ഈ സ്തുതിപാഠകരുടെ കൂട്ടം.

ഇങ്ങനെയുള്ള അധികാരമാഹാത്മ്യങ്ങള്‍ തങ്ങളുടെ പാപക്കറകള്‍ എവിടെയും വ്യക്തമായി ബാക്കിവെക്കാറില്ല. പകരം ചില കറുത്ത അടിക്കുറിപ്പുകള്‍ മാത്രം ചരിത്രത്തില്‍ ശേഷിപ്പിക്കും. പ്രകൃതിയെയും പാവപ്പെട്ടവന്റെ മണ്ണിനെയും ചൂഷണം ചെയ്യാന്‍ ഭരണകൂട ഉത്തരവുകളുടെ വരികള്‍ക്കിടയില്‍ അവ്യക്തതകളുടെ കൊടുവാള്‍ ഒളിപ്പിച്ചുവെക്കുന്നതും, സ്വന്തം താല്പര്യങ്ങള്‍ക്കായി പൊതുപദവികളെ ദല്ലാള്‍പ്പണിക്ക് വിട്ടുകൊടുക്കുന്നതും, അധികാരത്തിന്റെ ദുരുപയോഗം എത്ര നിശ്ശബ്ദമായും എത്ര ഭീകരമായും ചെയ്യാമെന്നതിന്റെ തെളിവുകളാണ്. അതിശക്തര്‍ക്കൊപ്പം നിന്ന് മുട്ടില്‍ മരം മുറിച്ചതു കാരണം കേസില്‍ കുടുങ്ങിപ്പോയ അനവധി പാവങ്ങളുടെ ശാപം കഴുകിക്കളയാന്‍ ‘സ്‌പൈസസ് ബോര്‍ഡി’ലെ എല്ലാ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും സാധിച്ചെന്ന് വരില്ല. നീതിയെയും സ്ഥാപനങ്ങളെയും തകിടം മറിക്കുന്നതും, സത്യത്തോടുള്ള വഞ്ചനയും, പൊതുവിശ്വാസത്തെ അങ്ങാടിയില്‍ വില്‍ക്കുന്നതുമെല്ലാം കുറ്റകൃത്യമാണെങ്കിലും ഇവര്‍ക്ക് വെറും ഔദ്യോഗിക കൃത്യങ്ങള്‍ മാത്രമാണ്.

വിരമിക്കല്‍ ദിനത്തില്‍ നമ്മുടെ സംസ്‌കാരം നമ്മോട് ആവശ്യപ്പെടുന്നത് ആത്മസംയമനമാണ്. അധികാരമില്ലാതായി മാറുന്ന ഒരു മനുഷ്യന്റെ വീഴ്ചയെ അശ്ലീലമായി ആഘോഷിക്കാതിരിക്കാനുള്ള മാന്യത നാം കാണിക്കണം. എന്നാല്‍ ക്ഷമിക്കുക എന്നതിന് ചരിത്രത്തിന്റെ താളുകള്‍ കീറിക്കളയുക എന്ന് അര്‍ത്ഥമില്ല. വരുംതലമുറയ്ക്ക് നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള ബോധമുണ്ടാകണം. ഭയത്തെ ഒരിക്കലും ബഹുമാനമായും, ഭീരുക്കളുടെ മൗനത്തെ സമ്മതമായും, പിടിക്കപ്പെടാതിരുന്നതിനെ വിശുദ്ധിയായും ആരും വ്യാഖ്യാനിക്കരുത്. വ്യക്തിപരമായി ക്ഷമിക്കുമ്പോള്‍ തന്നെ, സമയമെടുത്തിട്ടാണെങ്കിലും നിയമലംഘനങ്ങള്‍ക്ക് നടപടി ഉണ്ടാവുക തന്നെ വേണം. ധര്‍മ്മം പുനഃസ്ഥാപിക്കപ്പെടുക തന്നെ വേണം.
ഈ സംവിധാനം എല്ലാവര്‍ക്കും പകരക്കാരെ കണ്ടെത്തും. ആ വലിയ ഓഫീസ് മേശ തുടച്ചു വൃത്തിയാക്കപ്പെടും, അടുത്ത ആള്‍ വന്നിരിക്കും, ഫയലുകള്‍ വീണ്ടും ചലിച്ചുതുടങ്ങും. ഒരിക്കല്‍ ഒരാളുടെ മാത്രം അപ്രമാദിത്വത്തിലാണെന്ന് തോന്നിച്ച ആ വലിയ ഭരണയന്ത്രം, താന്‍ പോയാലും ഒന്നും സംഭവിക്കില്ലെന്ന വലിയ യാഥാര്‍ത്ഥ്യത്തോടെ മുന്നോട്ടുപോകും. ചിലര്‍ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും. ഇക്കൂട്ടര്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകന്‍ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണ്. ചുവരുകളില്‍ വെള്ളയടിച്ച ശവക്കല്ലറകളുടെ ഭംഗി ബാക്കിയുണ്ടാകാം, പക്ഷേ കാലത്തിന്റെ വിചാരണയില്‍ നിന്നും ആര്‍ക്കും ഒളിച്ചോടാനാകില്ല. നന്നായി വരട്ടെ