അസോസിയേഷന്‍ നേതാവിന് യൂണിഫോം നല്‍കി സല്യൂട്ട് അടിപ്പിച്ച് യുഡിഎഫ് തുടക്കം, ഇതര ജില്ലകളിലും ലിസ്റ്റ് തയാറാവുന്നു
തിരുവനന്തപുരം : പത്തുവര്‍ഷത്തിലധികമായി യൂണിഫോം ധരിക്കാതെ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ഇളക്കി പ്രതിഷ്ഠിക്കാനുളള പുതിയ സര്‍ക്കാര്‍ നീക്കം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇടതു ഭരണകാലത്ത് ചെങ്കോടി തണലില്‍ മുഷ്‌ക് കാട്ടിയ ഉദ്യോഗസ്ഥരുടെ ലിസ്റ്റും യുഡിഎഫ് നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സമരങ്ങളില്‍ ഇടതു മനോഭാവത്തോടെ പെരുമാറിയ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങളോടുളള പെരുമാറ്റം ഇവയെല്ലാം ലിസ്റ്റ് തയ്യാറാക്കുമ്പോൾ കണക്കിലെടുക്കും.
ഇതിന് തുടക്കമായിട്ടാണ് പത്തുവര്‍ഷമായി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സേവനം ചെയ്ത പോലീസ് അസോസിയേഷന്‍ നേതാക്കളെ തന്നെ യൂണിഫോം ഇടീക്കാനുളള തീരുമാനം എടുത്തത്. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ആര്‍. പ്രശാന്ത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒ ആയിട്ടാണ് നിലവില്‍ സ്ഥലംമാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെയുളള മന്ത്രിമാരുടെ വസതികള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് മാറ്റിയത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് കരുതുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഭരണത്തിലുളളവരുടെയും മൂക്കിന്‍ തുമ്പിലാണ് നേതാവിനെ പോസ്റ്റ് ചെയ്തത്. പോലീസിലെ ഇടതു അനുഭാവികള്‍ ഭരണത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമോ എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. അതു കണക്കിലെടുത്തായിരിക്കും പുതിയ നിയമനവും സ്ഥലം മാറ്റവും.
കൊച്ചിയില്‍ സ്പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന അസോസിയേഷന്‍ നേതാവ് ബിജുവിനെ കൊച്ചി സിറ്റി പോലീസിലേക്കാണ് താല്‍കാലികമായി മാറ്റിയിരിക്കുന്നത്. ബിജുവിനെ ഏത് പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റേണ്ടതെന്ന് സിറ്റി പോലീസ് കമ്മീഷണറാണ് തീരുമാനിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസങ്ങളില്‍തന്നെ ഉണ്ടാകും.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്ഥാന പോലീസ് മേധാവി പ്രശാന്തിന്റെയും ബിജുവിന്റെയും സ്ഥലംമാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഇരുവരും പോലീസ് യൂണിഫോം ഇട്ടിട്ടില്ല, അതുകൊണ്ടാണ് ലോ ആന്‍ഡ് ഓര്‍ഡറിലേക്ക് മാറ്റിയിരിക്കുന്നത് എന്നാണ് പോലീസിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ പറയുന്നത്.

