റെയ്ഡിന് പിന്നാലെ വീണാ വിജയന് കുരുക്കുമുറുകുന്നു, ഫോണും പിടിച്ചെടുത്ത രേഖകളും പരിശോധിച്ച് ഇഡി
റെയ്ഡിനു പിന്നാലെ വീണ വിജയന് കുരുക്ക് മുറുക്കാന്‍ ഇ.ഡി. റെയ്ഡിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതും ഏജന്‍സി ഗൗരവമായാണ് എടുത്തത്. ഇക്കാര്യം അന്വേഷിക്കാന്‍ സിബിഐയെ തന്നെ നിയോഗിച്ചേക്കും. തിരുവനന്തപുരത്ത് ഇഡിയ്ക്കെതിരായ ആക്രമണത്തിന് വഴിയൊരുക്കിയതില്‍ പോലീസിലെ ഒരു വിഭാഗത്തിന്റെ നിലപാടും വിമര്‍ശന വിധേയമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് വരാനുളള സാഹചര്യം ഒരുങ്ങിയത്.
സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്ു. റെയ്ഡില്‍ വീണ വിജയന്റെ പക്കല്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത ബാങ്ക് രേഖകള്‍ വിശദമായി പരിശോധിക്കാനും വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കാനുമാണ് ഏജന്‍സിയുടെ തീരുമാനം. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.. വീണ വിജയന്റെ ഫോണും ഇഡി കസ്റ്റഡിയിലെടുത്തു. വീണയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ ഇടപാടുകളുടെ രേഖകള്‍ ലഭിക്കുമെന്നാണ് ഇഡി കരുതുന്നത്,
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ആകെ 242 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച ഈ അക്കൗണ്ടുകളിലായി ആകെ 18.36 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം ഈ പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്.
നല്‍കാത്ത സേവനങ്ങള്‍ക്കായി എക്സാലോജിക്കില്‍ നിന്ന് ലഭിച്ചതായി പറയുന്ന തുക ഏതു തരത്തിലാണ് വിനിയോഗിച്ചതെന്ന് ഇഡി പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് വീണ വിജയന് എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കും. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടയില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വീണ വിജയന് നല്കിയ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും ദിവസങ്ങളില്‍ വീണയ്ക്ക് നോട്ടീസ് നല്കി കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്.

