മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാർ.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖരന് നിർദ്ദേശം നൽകി.
അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം പുറത്തുവന്നത്.
കരിമണൽ കമ്പനിയുമായുള്ള വീണാ വിജയന്റെ പണമിടപാട് അന്വേഷിച്ച ഇ.ഡി, പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം ഒരേ സമയം വേണ്ടെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ പങ്ക് വ്യക്തമാകണമെങ്കിൽ വിജിലൻസ് അന്വേഷണം വേണമെന്ന മറുവാദവും ഉയർന്നിരുന്നു.

