കോട്ടയം : പാലാ നഗരസഭയിലെ ഭരണ മുന്നണി പ്രശ്നങ്ങളെ തുടർന്ന് എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കെ യുഡിഎഫിൽ ഭിന്നത. കേരള കോൺഗ്രസ് എംപി ഫ്രാൻസിസ് ജോർജ് പ്രശ്നത്തിൽ ഇടപെട്ടു. ഭരിക്കാനുള്ള യുഡിഎഫിന്റെ ജനവിധി പാലിക്കപ്പെടണമെന്ന് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഫ്രാൻസിസ് ജോർജിന്റെ പരാമർശം കോൺഗ്രസ് അംഗങ്ങളെ പ്രതിഷേധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിലവിലുള്ള ഭരണസഖ്യത്തിൽ ജനാധിപത്യ താത്പര്യങ്ങൾ ബലി കഴിക്കുന്നതിനാലാണ് പ്രമേയം പാസാക്കിയത്. സ്വതന്ത്ര മുന്നണിയിലെ ചെയർപേഴ്സണുമായി മുന്നോട്ടുപോകാൻ ആവില്ല. കോൺഗ്രസിന്റെ പ്രശ്നങ്ങളിൽ കേരള കോൺഗ്രസ് ഇടപെടേണ്ട സൂചനയും കോൺഗ്രസ് നൽകുന്നു.ഇതോടെ പുളിക്കകണ്ടം കുടുംബം നേതൃത്വം നൽകുന്ന സ്വതന്ത്ര സഖ്യവും കോൺഗ്രസുമായുള്ള വഴി പിരിയൽ ഉറപ്പാവുകയാണ്.
കോൺഗ്രസും സ്വതന്ത്രസഖ്യവുമായുള്ള ഭിന്നത രൂക്ഷമായപ്പോഴാണ് കേരള കോൺഗ്രസ് എം നേതൃത്വം നൽകുന്ന എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കേരള കോൺഗ്രസ് എമ്മിന് ഭരണം ലഭിക്കുന്ന സാഹചര്യം പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് കോൺഗ്രസ് നിലപാടിൽ ഫ്രാൻസിസ് ജോർജ് യോജിപ്പ് രേഖപ്പെടുത്തിയത് എന്നാണ് സൂചന.
അതിനിടെ പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിൻ്റെ പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് പാലാ നഗരസഭാ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവിൽ പറയുന്നു. എല്ലാവരും ഭരണസമിതിയിൽ പിന്തുണയില്ലെന്ന് പറഞ്ഞുകഴിഞ്ഞതാണ്. 6 മാസക്കാലമായി ഭരണസ്തംഭനമാണ്. ചെയർപേഴ്സണെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിച്ചിട്ടില്ല. എല്ലാത്തരത്തിലും സഹകരിച്ചിട്ടുണ്ട്
അവിശ്വാസം പാസായാൽ പരിശോധിച്ചശേഷം തുടർതീരുമാനമെടുക്കും. പിൻസീറ്റ് ഡ്രൈവിംഗിലൂടെ നഗരസഭ ഭരണം എക്കാലത്തും മുന്നോട്ട് കൊണ്ടുപോകാനാകില്ല. ഭരണത്തിലുള്ളവർതന്നെ നിലവിലെ ഭരണം മടുത്തു. ആശുപത്രി മീറ്റിംഗ്, മഴക്കാലപൂർവ ശുചീകരണം തുടങ്ങി വിഷയങ്ങളിൽ പ്രതിപക്ഷം ഇടപെടേണ്ടിവന്നു. കൗൺസിൽ യോഗങ്ങളിൽ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ല.

