Spread the love

കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെതിരേ മോഷണ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ ദിയ പുളക്കകണ്ടം രംഗത്ത്. ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില സീൽ ചെയ്ത ഫയലുകളും മോഷ്ടിച്ചു എന്നാണ് ചെയർപേഴ്സൺ ആരോപിക്കുന്നത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ ഭരണം നടത്തുന്ന യുഡിഎഫിന് ഈ ആഭ്യന്തര തർക്കം വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. കൊട്ടാരക്കര ബസ് സ്റ്റാർഡിനുള്ളിലെ ഓട്ടോ സ്റ്റാന്‍റുമായി ബന്ധപ്പെട്ട് തർക്കമാണ് ഈ പ്രശ്നങ്ങൾക്കൊക്കെ തുടക്കം. ചെയർപേഴ്സന്‍റെ പിതാവ് ബിനു പുളിക്കകണ്ടം തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇത് സംബന്ധിച്ച് ബിജു മാത്യൂസിനൊപ്പം ചെയർപേഴ്സന്‍റെ ചേംബറിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാച്ചും ഫയലുകളും മോഷണം പോയതായി ദിയ ആരോപിക്കുന്നത്.

ബിജു മാത്യൂസിനെതിരെ നേരത്തെ ഉയർന്ന മർദ്ദന പരാതി വ്യാജമാണെന്നും ചെയർപേഴ്സൺ ദിയ ബിനു വ്യക്തമാക്കി. യുഡിഎഫ് ഭരണസമിതിയിലെ അംഗങ്ങളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും അവർ പറഞ്ഞു.ഭരണസമിതിയെ തുടക്കം മുതൽ സമ്മർദ്ദത്തിലാക്കാൻ ബിജു മാത്യൂസ് ശ്രമിച്ചുവെന്നും, ആരുടെയെങ്കിലും പ്രേരണയോടെ പ്രകോപനം സൃഷ്ടിക്കുകയാണെങ്കിൽ അതിന് മറുപടി നൽകാനില്ലെന്നും ദിയ ബിനു പ്രതികരിച്ചു.

“ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ ഞങ്ങൾ ശ്രമിക്കുന്നില്ല. യുഡിഎഫിന് തങ്ങളിലേക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നത് ബിജു മാത്യൂസിന്റെ വ്യക്തിപരമായ അഭിപ്രായമാണ്,” എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഓഫീസ് മുറിയിൽ കയറി സീൽ ചെയ്ത ഫയലും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചതായി ആരോപിച്ച് ബിജു മാത്യൂസിനെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന് മറുപടിയായി, തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന പരാതിയും ബിജു മാത്യൂസ് നേരത്തെ നൽകിയിരുന്നു.