ബിബിൻ കുഴിവേലിൽ
കോട്ടയം: കേരളത്തിലെ സിപിഎമ്മിന്റെ ശക്തി അധികാരത്തിൽ നിന്നല്ല; ജനങ്ങളിൽ നിന്നാണ്.
ആ ചരിത്ര സത്യത്തെ മറന്നാൽ രാഷ്ട്രീയത്തിന്റെ അടിത്തറ തന്നെ കുലുങ്ങും.
ഇന്ന് സംസ്ഥാനത്ത് ചില മന്ത്രിമാർ സജീവമായി ജനങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നതായി വ്യക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത്മവരുന്ന സാഹചരൃത്തിൽ. പരാതികൾ കേൾക്കുന്നു, അടിയന്തര വിഷയങ്ങളിൽ ഇടപെടുന്നു, ഉദ്യോഗസ്ഥരെ വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാർ യന്ത്രം പ്രവർത്തിക്കണമെന്ന് ഉറപ്പാക്കാൻ അവർ ശ്രമിക്കുന്നു.
എന്നാൽ ഒരു വേദനാജനകമായ യാഥാർത്ഥ്യം ചോദ്യം ഉയർത്തുന്നു; മന്ത്രിമാർ ഇടപെടുമ്പോഴും ചില എം.എൽ.എമാർ എന്തുകൊണ്ട് മൗനം പാലിക്കുന്നു?
മന്ത്രിയുടെ നിർദ്ദേശം പോലും അവഗണിക്കപ്പെടുന്നുണ്ടോ?
ജനങ്ങളുടെ പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നു. മന്ത്രി ബന്ധപ്പെട്ട എം.എൽ.എയോട് ഇടപെടാൻ പറയുന്നു. പക്ഷേ പിന്നീട് സംഭവിക്കുന്നത് — അലസത, മടുപ്പ്, വൈകിപ്പ്, പ്രതികരണക്കുറവ്.
ഫോൺ വിളികൾക്ക് മറുപടി ഇല്ല.
പ്രശ്നങ്ങളിൽ നേരിട്ടുള്ള ഇടപെടൽ ഇല്ല.
ജനങ്ങളോട് തുറന്ന ആശയവിനിമയം ഇല്ല.
ഇത് വെറും രാഷ്ട്രീയ വിമർശനം അല്ല.
ഇത് ജനങ്ങൾ അനുഭവിക്കുന്ന അസ്വസ്ഥതയാണ്.
പുതുതായി ലഭിച്ച ജനവിധിക്ക് ഇതാണോ മറുപടി?
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തുന്ന ഒരു പ്രതിനിധിക്ക് കൂടുതൽ വിനയം, കൂടുതൽ സജീവത, കൂടുതൽ ഉത്തരവാദിത്തം പ്രതീക്ഷിക്കപ്പെടും. അത് ഒരു പുതുക്കിയ വിശ്വാസത്തിന്റെ അടയാളമാണ്. എന്നാൽ ആ വിശ്വാസത്തിന് മറുപടി ലഭിക്കേണ്ടത് സാന്നിധ്യത്തിലൂടെയും, പ്രതികരണത്തിലൂടെയും, ഇടപെടലിലൂടെയുമാണ് — അകലം പാലിച്ചുകൊണ്ടല്ല.ചേലക്കര പോലുള്ള മണ്ഡലങ്ങളിൽ ചില പൊതുപ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടപ്പോൾ സ്ഥലം എംഎൽഎ യിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ജനങ്ങളെ നിരാശപ്പെടുത്തിയതായി പലരും തുറന്ന് പറയുന്നു. മന്ധലത്തിലെ ഒരു യുവതി ഗാർഹിക പീഡന പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോൾ കേസെടുക്കാൻ കാലതാമസം വരുത്തിയ കാരൃത്തിൽ ഇടപെടാൻ എംഎൽഎ യുടെ സഹായം തേടിയപ്പോൾ തണുപ്പൻ മട്ടിലായിരുന്നു പ്രതികരണമെന്ന് മാധൃമങ്ങൾക്ക് മുമ്പിൽ പറഞ്ഞപ്പോൾ നമ്മുടെ ജനപ്രതിനിധികൾ ഇങ്ങനെയായാൽ മതിയോ എന്ന ചോദൃം സമൂഹത്തിൽ ഉയരേണ്ടതാണ്.
മന്ത്രിമാർ സഹായിക്കാൻ തയ്യാറാകുമ്പോഴും മണ്ഡലതലത്തിൽ പ്രതീക്ഷിച്ച സജീവത കാണാനില്ലെങ്കിൽ അത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് നല്ല ലക്ഷണമല്ല.
എം.എൽ.എയുടെ കസേര അധികാരത്തിന്റെ പ്രതീകം അല്ല — ഉത്തരവാദിത്തത്തിന്റെ പ്രതീകമാണെന്ന് ജനപ്രതിനിധികൾ തിരിച്ചറിയണം.
എം.എൽ.എ ഒരു മണ്ഡലത്തിന്റെ ശബ്ദമാണ്.
ജനങ്ങൾ ആദ്യം വിളിക്കുന്നത് മന്ത്രിയെ അല്ല, എം.എൽ.എയെയാണ്.
ഒരു ഫോൺ എടുക്കുന്നത് ചെറിയ കാര്യമെന്ന് തോന്നാം. പക്ഷേ അത് ജനാധിപത്യത്തിന്റെ അടിസ്ഥാന ബഹുമാനമാണ്.
ജനങ്ങളോട് സംസാരിക്കാൻ മടിക്കുന്നത്, അവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മടിക്കുന്നത് , അത് രാഷ്ട്രീയ കാപടൃത്തിന്റെ തുടക്കമാണ്.സിപിഎം ഓർക്കേണ്ടത്,
ഈ പാർട്ടി ശക്തമായത് ഓഫീസുകളിൽ നിന്നല്ല — വീടുകളിൽ നിന്നാണ്.ജനങ്ങളിൽ നിന്നാണ്.
കേഡർ സംസ്കാരത്തിന്റെ മജ്ജയാണ് ജനബന്ധം.
ജനങ്ങൾ മിണ്ടാതിരിക്കും.
പക്ഷേ അവർ മറക്കില്ല.
ഇന്ന് ഉയരുന്ന അസ്വസ്ഥതകൾ നാളെയുടെ രാഷ്ട്രീയ സന്ദേശങ്ങളായി മാറും. ഇത് വ്യക്തിപരമായ ആക്രമണം അല്ല.
ഇത് ഒരു രാഷ്ട്രീയ മുന്നറിയിപ്പാണ്.
ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി. പക്ഷേ തിരിച്ചു നേടാൻ വർഷങ്ങൾ വേണം.
മന്ത്രിമാർ കാണിക്കുന്ന ജനസാന്നിധ്യം മണ്ഡലതലത്തിലും പ്രതിഫലിക്കണം.
അല്ലെങ്കിൽ “ജനപക്ഷം” എന്ന പദം വെറും മുദ്രാവാക്യമായി മാത്രം ശേഷിക്കും.സിപിഎമ്മിന്റെ അധികാര ധാർഷ്ടൃം നശിപ്പിച്ച ബംഗാളും ത്രിപുരയും അവർക്ക് നഷ്ടമായത് ഇനിയും കേരളത്തിലെ പാർട്ടി നേതാക്കൾക്ക് പാഠമാകാത്തത് വരാനിരിക്കുന്ന ദുന്തത്തിന്റെ വൃാപ്തി വർധിപ്പിക്കുകയേയുള്ളൂ.

