Spread the love

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു. ഇതിനൊപ്പം ഏഴ് ലിറ്റർ വൈനും വീടിനുള്ളിൽ പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിൽ മദ്യശേഖരം കണ്ടെത്തിയതോടെ തുടർനടപടികൾക്കായി പൊലീസ് എക്‌സൈസിനെ വിളിച്ചുവരുത്തുകയായിരുന്നു. കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

 

 

നിയമപ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാൻ അനുവാദമുള്ളതിനെക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത മദ്യവും വൈനും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇവിടെ നിർമ്മിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ എക്‌സൈസ് പരിശോധന തുടരുകയാണ്. കൃത്യമായ ലൈസൻസോ താൽക്കാലിക അനുമതിയോ ഇല്ലാതെ വീട്ടിൽ വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

 

മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസെടുത്ത എസ്‌ഐടി, പരിപാടി സ്‌പോൺസർ ചെയ്‌ത റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഇന്ന് പുലർച്ചെ രണ്ട് മണി മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. ഒരേസമയം കൊച്ചിയിലും വയനാട്ടിലും അടക്കം അഞ്ചിടത്താണ് റെയ്‌ഡ് നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

 

ഫുട്ബാൾ ഇതിഹാസം മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് 549.22 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സർക്കാർ നിയോഗിച്ച ജി.എസ്.ടിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.