Spread the love

ഗുരുവായൂർ: കഴിഞ്ഞ അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് അരങ്ങേറിയ ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. കൃഷ്ണന്റെ വേഷത്തിലുള്ള പെൺകുട്ടിയും കുചേലന്റെ വേഷത്തിലെത്തിയ വയോധികനും തമ്മിലുണ്ടായ വികാരനിർഭരമായ നിമിഷങ്ങളാണ് വീഡിയോയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

കാഴ്ചക്കാരിൽ പലർക്കും പുരാണത്തിലെ കൃഷ്ണ–കുചേല സൗഹൃദത്തിന്റെ ഓർമയുണർത്തിയ ഈ ദൃശ്യത്തിന് പിന്നിലെ ഇരുവരും ആരാണെന്ന വിവരം പിന്നീട് പുറത്തുവന്നു.

കൃഷ്ണന്റെ വേഷത്തിലെത്തിയത് കൊടുങ്ങല്ലൂർ അഞ്ചപ്പാലം പഴുക്കുന്നത്ത് വീട്ടിൽ കലേഷ് കാർത്തികേയന്റെയും ലിൻസയുടെയും മകളായ 14 വയസ്സുകാരി കൃഷ്ണയാണ്. കുചേലന്റെ വേഷത്തിൽ എത്തിയിരുന്നത് ആലപ്പുഴ കൈനടി വയറ്റുവരപ്പൂത്തറയിൽ താമസിക്കുന്ന 72കാരനായ അപ്പുക്കുട്ടൻ നായർ.

അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രമുറ്റത്തെ കൂവളമരത്തിന് സമീപം ഫോട്ടോ എടുക്കുകയായിരുന്നു കൃഷ്ണ. ഇതിനിടെയാണ് കുചേലന്റെ വേഷത്തിൽ എത്തിയ അപ്പുക്കുട്ടൻ നായർ അവളെ കാണുന്നത്. കൃഷ്ണയെ കണ്ടതോടെ അദ്ദേഹം സ്നേഹപൂർവം ‘കണ്ണാ’ എന്ന് വിളിച്ച് അടുത്തെത്തുകയായിരുന്നു.

അപ്രതീക്ഷിതമായ ആ വിളി കൃഷ്ണയെയും വികാരാധീനയാക്കി. ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് കരയുന്ന രംഗമാണ് സമീപത്തുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ പകർത്തിയത്.

ആ നിമിഷം തനിക്ക് വലിയൊരു വികാരാനുഭവമായിരുന്നുവെന്ന് കൃഷ്ണ പറയുന്നു. ചുറ്റുമുണ്ടായിരുന്ന തിരക്കും ശബ്ദങ്ങളുമെല്ലാം മറന്ന് മുന്നിലുള്ള കുചേലനെ മാത്രമാണ് ശ്രദ്ധിച്ചതെന്നും തുടർന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞെന്നും അവൾ പറഞ്ഞു.

‘കണ്ണാ, എത്രനാളായി ഞാൻ നിന്നെ അന്വേഷിക്കുന്നു, നീ ഇതുവരെ എവിടെയായിരുന്നു?’ എന്ന അപ്പുക്കുട്ടൻ നായരുടെ വാക്കുകളും ആ രംഗത്തെ കൂടുതൽ വികാരഭരിതമാക്കി.എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് അധികം ദൈർഘ്യമുണ്ടായില്ല. ഇരുവരും പരസ്പരം പേരോ സ്ഥലമോ ചോദിച്ചറിയുന്നതിന് മുമ്പുതന്നെ ക്ഷേത്രത്തിലെ വലിയ ജനത്തിരക്കിൽ വേർപിരിയുകയായിരുന്നു.

അതേസമയം ‘അമ്പലത്തില്‍ കയറിയപ്പോള്‍ മുതല്‍ ഒരുപാട് കൃഷ്ണന്മാരെ കണ്ടിരുന്നു. എന്നാല്‍ ഈ കൃഷ്ണന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ എന്തോ ഒരു വികാരം തോന്നി, അറിയാതെ അടുത്തേക്ക് നടന്നുപോകുകയായിരുന്നു’ എന്ന് അപ്പുക്കുട്ടന്‍ നായര്‍ ഓര്‍ത്തെടുക്കുന്നു.

പിന്നീട് ഭക്തർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി നിരവധി പേരാണ് വീഡിയോ കണ്ടതും പങ്കുവെച്ചതും. പുരാണത്തിലെ കൃഷ്ണനും കുചേലനും നേരിൽ കണ്ടുമുട്ടിയതുപോലെ തോന്നിച്ചുവെന്നായിരുന്നു പലരുടെയും പ്രതികരണം.

വീഡിയോ വൈറലായതോടെയാണ് അതിലെ കഥാപാത്രങ്ങളായി എത്തിയ കൃഷ്ണയെയും അപ്പുക്കുട്ടൻ നായരെയും കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. ഇതോടെ ഇരുവരും ഇപ്പോൾ പരസ്പരം അറിയുകയും തമ്മിൽ കാണാൻ ഒരുങ്ങുകയും ആണ്. അപ്രതീക്ഷിതമായി അരങ്ങേറിയ ഈ കൂടിക്കാഴ്ച അഷ്ടമിരോഹിണി ആഘോഷത്തിലെ വേറിട്ടൊരു ഓർമ്മയായി മാറിയിരിക്കുകയാണ്.