Spread the love

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ രേഖാമൂലം പരാതി നല്‍കാനൊരുങ്ങി യുവതി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കുമെന്നാണ് സൂചന. പരാതി ലഭിച്ചാലുടന്‍ രാഹുലിനെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരും പോലീസും.

 

അതേസമയം, നേതൃത്വം സസ്‌പെന്‍ഡ് ചെയ്തുവെന്ന് പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാഹുല്‍ വോട്ടുപിടിക്കുന്നതും പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടുന്നതിലും കോണ്‍ഗ്രസിനുള്ളിലും അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.
സസ്‌പെന്‍ഷനിലായ എംഎല്‍എ പാര്‍ട്ടി വേദികളില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

 

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്നും താന്‍ അദ്ദേഹത്തെ അവിശ്വസിക്കുന്നില്ലെന്നുമാണ് ഇന്നലെ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് കെ.മുരളീധരന്‍ സുധാകരന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.

 

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുപിടിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ നേതാക്കളുമായി വേദി പങ്കിടരുത്. പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായിച്ച പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ ക്യാംപെയ്ന്‍ നടത്തുന്നതില്‍ തടസമൊന്നുമില്ല. പക്ഷേ പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാര്‍ട്ടിയുടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്പെന്‍ഷനിലാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം പുറത്താണ് നില്‍ക്കുന്നത്. കൂടുതലായുള്ള നടപടികള്‍ സ്വീകരിക്കേണ്ട കാര്യം ഇപ്പോഴില്ല. തെറ്റാര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെണ്‍കുട്ടി ധൈര്യമായി പരാതിയുമായി മുന്നോട്ട് പോകണം – അദ്ദേഹം പറഞ്ഞു.

 

നേതൃത്വം പുറത്താക്കിയെന്ന് പറയുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്.

രാഹുല്‍ വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.