Spread the love

ജസീല പർവീൺ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജസീല തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് നടിയുടെ പോസ്റ്റ്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോൺ തോമസ് എന്ന വ്യക്തിയാണ് നടിയെ ക്രൂരമായി മർദ്ദിച്ചത്. കൊച്ചി കാക്കനാട് വെച്ചാണ് ജസീലയ്ക്ക് ഈ സംഭവങ്ങൾ എല്ലാം നേരിടേണ്ടി വന്നത്.

തന്റെ പല മുറിവുകളും പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമുള്ളവയാണ്. പലപ്പോഴായി ക്രൂര മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും പ്രണയം ഉള്ളതുകൊണ്ട് മാത്രമാണ് പിടിച്ച് നിന്നുവെന്നും ഒരു ഘട്ടം എത്തിയപ്പോൾ നിയമപരമായി നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു.

എന്റെ ഈ ശരീരം യുദ്ധം സഹിക്കുന്നു. പക്ഷെ എന്റെ ഹൃദയം വിജയം വഹിക്കുന്നു. ഞാൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ… ഒടുവിൽ നിങ്ങൾ എല്ലാവരും അത് അറിയാൻ പോകുന്നു.

എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്ഥയിലാണ്. 2024 ഡിസംബർ 31ന് എനിക്ക് അറിയില്ലായിരുന്നു ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എനിക്ക് എത്രത്തോളം പ്രയാസമേറിയതാകുമെന്ന്. ന്യൂയർ പാർട്ടിക്കുശേഷം നടന്ന വാക്ക് തർക്കം ആക്രമണത്തിലേക്ക് മാറി. അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി.

എന്റെ മുഖത്ത് വള ചേർത്ത് വെച്ച് പലതവണ ഇടിച്ചു. മുഖം കീറി, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് ഞാൻ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണ്.