Spread the love

റെയില്‍വേയുമായി ചേര്‍ന്ന് തിരുവനന്തപുരം മംഗലാപുരം അതിവേഗപാതയ്ക്ക് സാധ്യത തേടി സര്‍ക്കാര്‍. ഇതിനുളള സര്‍വേക്ക് റെയില്‍വേ അനുമതി നല്‍കിയതോടെയാണ് പുതിയ നീക്കം. 633കി.മി ദൈര്‍ഘ്യമുള്ള മൂന്നാം പാതയുടെ വേഗം 160 കിലോമീറ്ററാണ്. 7 റീച്ചുകളിലായി പദ്ധതി നടപ്പാക്കാനാണ് സര്‍വേ. റെയില്‍വേയുമായി സര്‍ക്കാര്‍ സഹകരിക്കും.

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചതോടെ, 160 കി.മി വേഗമുള്ള തിരുവനന്തപുരം-കണ്ണൂര്‍ എലിവേറ്റഡ് റെയിലിന്റെ പദ്ധതിരേഖ ഇ. ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇത് പാരിസ്ഥിതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. മംഗളൂരു-ഷൊര്‍ണൂര്‍, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍, തുറവൂര്‍-അമ്പലപ്പുഴ റീച്ചുകളില്‍ വേഗം 160 കിലോ മീറ്ററാക്കാനുള്ള സര്‍വേക്കാണ് അനുമതി.ബ്രോഡ്‌ഗേജിലാണ് പാതകള്‍. റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്ന 350 കി.മി വേഗമുള്ള ചെന്നൈ-ബംഗളൂരു, ബംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ് പാതകളിലേക്ക് ബന്ധിപ്പിക്കാനുമാവും.

നിലവില്‍ കൊല്ലം-കോട്ടയം, കോട്ടയം-എറണാകുളം, ഷൊര്‍ണൂര്‍-മംഗളൂരു സെക്ഷനുകളില്‍ 110 കി.മി വരെ വേഗത്തിലോടാനാവും. കൊല്ലം-തിരുവനന്തപുരം പാതയില്‍ 100 കിലോമീറ്ററില്‍ താഴെയാണ് വേഗം. ട്രാക്കുകള്‍ ശക്തിപ്പെടുത്തിയും സിഗ്‌നലുകള്‍ നവീകരിച്ചും വേഗത 130 കിലോമീറ്ററാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന മംഗളൂരു-ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളിലും എറണാകുളം-കോട്ടയം-തിരുവനന്തപുരം-നാഗര്‍കോവില്‍ മൂന്നാം പാതയിലും 160 കിലോ മീറ്റര്‍ വേഗമാണ് ലക്ഷ്യമിടുന്നത്.