ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് ഇത്തവണ വമ്പൻ മത്സരാർത്ഥികളെയാണ് ഇറക്കിയിരിക്കുന്നത്. തുടക്കം മുതൽ ട്വിസ്റ്റുകളുടെ മുൾമുനയിലാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കി കൊണ്ടിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു നടി ഗായത്രി സുരേഷ്. എന്നാൽ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പ്രേക്ഷക വോട്ടിംഗിനപ്പുറം സഹമത്സരാർത്ഥികളുടെ മാത്രം തീരുമാനപ്രകാരം ആദ്യ ‘സ്പോട്ട് എവിക്ഷൻ’ അരങ്ങേറി. നടി ഗായത്രി സുരേഷാണ് ഷോ തുടങ്ങി രണ്ടാം ദിനം തന്നെ ഹൗസിന്റെ പടിയിറങ്ങിയത്.
ഈ സീസണിലെ ഏറ്റവും ആകർഷകമായ ഒരു ടാസ്ക് ആയിരുന്നു ഡെമോക്രസി അതായത് ജനാധിപത്യം എന്ന പ്രധാന പ്രമേയത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു ടാസ്ക്. എന്നാൽ ഇത് തന്നെയാണ് ഗായത്രി സുരേഷിനെ വീടിന് പുറത്തേക്ക് എത്തിച്ചത്. ഈ സീസണിൽ 100 ദിവസവും കഞ്ഞിയും പയറും മാത്രം കഴിച്ചു മുന്നോട്ടു പോവുക അല്ലെങ്കിൽ കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്തു പുറത്താക്കുക എന്നതായിരുന്നു മത്സരാർത്ഥികൾക്ക് ലഭിച്ച ശാസനം . എന്നാൽ പട്ടിണി കിടന്നിട്ടായാലും ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ചില മത്സരാർത്ഥികൾ തയ്യാറായിരുന്നെങ്കിലും വൈകാരികതയെക്കാൾ ഗെയിം ആണ് ഇവിടെ ആവശ്യമെന്ന് ക്യാപ്റ്റനായ ജസീല പർവീൺ മറ്റു മത്സരാർത്ഥികളെ ഓർമിപ്പിക്കുകയായിരുന്നു.
തുടർന്ന് നടന്ന തുറന്ന നോമിനേഷൻ പ്രക്രിയയിൽ റിനി ആൻ ജോർജ്, ഗായത്രി സുരേഷ്, ആർജെ അഞ്ജലി എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നത്. എന്നാൽ ജനാധിപത്യപരമായ അധികാരമുപയോഗിച്ച് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ക്യാപ്റ്റൻ ജസീലയുടെ ചുമതലയായിരുന്നു. സഹായികളായ മൃദുല വിജയ്, സുമേഷ് ചന്ദ്രൻ എന്നിവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷം, ക്യാപ്റ്റൻ ഗായത്രി സുരേഷിന്റെ പേര് പറയുകയായിരുന്നു.
എന്നാൽ “ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചതേയില്ലായിരുന്നു,” എന്നായിരുന്നു ഗായത്രിയുടെ ആദ്യ പ്രതികരണം.
അതേസമയം യഥാർത്ഥ ഗെയിം പോലും തുടങ്ങാതെ ഒരു വ്യക്തിക്ക് അവരുടെ യാതൊരുവിധത്തിലുള്ള കഴിവുകളോ സ്വന്തം വ്യക്തിത്വമോ പോലും ആ ഷോയിൽ പ്രകടിപ്പിക്കാൻ സാധിക്കാതെ തന്നെ ആ വ്യക്തിയെ പുറത്താക്കുന്നത് ശരിയല്ല എന്നാണ് പല പ്രേക്ഷകരും കമന്റ് ചെയ്യുന്നത്.

