Spread the love

കൊല്ലം: ആര്‍. ബാലകൃഷ്ണ പിളളയെ കൊട്ടാരക്കരയില്‍ തോല്‍പ്പിച്ച സിപിഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. സിപിഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്

.കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.അയിഷാ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു.