കൊച്ചി : വൈപ്പിനിൽ സ്വകാര്യ ഷിപ്യാർഡിൽ അറ്റകുറ്റപണി നടക്കവെ കപ്പലിന് തീപിടിച്ചു. വൈപ്പിൻ കാളമുക്കിലാണ് സംഭവം. പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്
സീ ബ്ളൂ എന്ന സ്വകാര്യ ഷിപ്യാർഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറ്റകുറ്റപണി നടത്തിവന്ന വിദേശ കപ്പലിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് കപ്പലിന്റെ എഞ്ചിൻ ഭാഗത്ത്നിന്നും തീയുംപുകയും ഉയർന്നത്.
തൊട്ടടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഇവർ അഗ്നിശമന സേനയെ ഉടൻ വിവരമറിയിച്ചു. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തി. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.
തീപിടിക്കുന്ന സമയത്ത് കപ്പലിന്റെ മേൽത്തട്ടിൽ ജീവനക്കാർ അറ്റകുറ്റപണി നടത്തുന്നുണ്ടായിരുന്നു ഇവർ ചാടി രക്ഷപ്പെട്ടു. കപ്പൽ യാർഡിൽ തന്നെ കിടക്കുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നിമിഷനേരം കൊണ്ട് കപ്പലിന് മുകളിൽ വരെ തീപിടിച്ചു. അറ്റകുറ്റപണി നടത്തി കഴിഞ്ഞദിവസം ഈ കപ്പൽ പരീക്ഷണഓട്ടവും നടത്തിയിരുന്നു. ഇന്ധനം നിറച്ചിരുന്നോ എന്ന സംശയമുണ്ട്.

