Spread the love

ചെന്നൈ : പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും വസ്ത്രവ്യാപാര രംഗത്തെ സംരംഭകയുമായ നാഗലക്ഷ്മി(42)യെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൃത്യത്തിന് ശേഷം ഭർത്താവ് സുബ്രഹ്‌മണ്യൻ(52) വീട്ടിലെ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ചു. ചെന്നൈ നങ്കനല്ലൂരിലെ വസതിയിലാണ് കൊലപാതകം.

നാഗലക്ഷ്മി ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സ്ഥാപനത്തിലൂടെയും ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ്. ഇരുവരും ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് ദീർഘകാലമായി അകന്നു കഴിയുകയായിരുന്നു . അടുത്തിടെയാണ് സുബ്രഹ്‌മണ്യൻ നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. നാഗലക്ഷ്മിയുമായി വീണ്ടും ഒത്തുപോകാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.

സുബ്രഹ്‌മണ്യൻ വീട്ടിൽ അതിക്രമിച്ചു കയറി നാഗലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ ദന്തൽ വിദ്യാർഥിയായ തന്റെ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സന്ദേശം കണ്ട് ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്.
സംഭവത്തിൽ ചെന്നൈ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)