Spread the love

ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന “ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയായി.

എ.കെ.ബി. മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമിച്ചു രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രം ജനുവരി 30 – ന് തീയേറ്ററിലെത്തും.

ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, ഉണ്ണി  നായർ, റഫീക് ചോക്ളി എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണിത്.

മികച്ചൊരു കുറ്റാന്വേഷണ കഥയാണ് “ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രം പറയുന്നത്. എറണാകുളത്തും, മൂന്നാറിലുമായി നടക്കുന്ന കഥ ഇന്ത്യയിലെ എല്ലാ ഭാഷക്കാരെയും ആകർഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയത്. കോമഡിക്കും, സസ്പെൻസിനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഇതാണ് ഫ്രണ്ട്ഷിപ്പ്. ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രണയവും പിണക്കവും സസ്പെൻസും പ്രേക്ഷകരെ വേദനിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.

എറണാകുളത്തെ പ്രമുഖമായ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് രജനിയും (ചന്ദന അരവിന്ദ് ) രേഷ്മയും (ചിത്ര രാജേഷ് ). രണ്ട് പേരും ഒരുമിച്ച് ആയിരുന്നു ഹോസ്റ്റലിൽ താമസം.

എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി (കിരൺ), ഹരി (ഉണ്ണി), വിഷ്ണു, (അനായ്), അൻസിൽ(സുൽഫി) എന്നിവരുമായി ഇവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നു. ഒരു ദിവസം ഇവർ മൂന്നാറിലേക്ക് ഒരു ടൂർ പോയി. രജനിയും രേഷ്മയും മൂന്നാറിലെത്തി. ഒരു റിസോർട്ടിൽ തന്നെയാണ് ഇവർക്ക് താമസ സൗകര്യം ലഭിച്ചത്. റിസോർട്ടിൽ തമാശകളും പൊട്ടിച്ചിരികളുമായി മുന്നോട്ടു പോകുമ്പോഴാണ് പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവം റിസോർട്ടിൽ നടന്നത്. തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ ” ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രം കടന്നുപോകുന്നു.

ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്റെ വേഷവും അവതരിപ്പിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുൽഫിക്കർ, ഡി.ഒ.പി – ഷെട്ടി മണി, എഡിറ്റർ-ഷിബു പി.എസ്, ഗാനങ്ങൾ സുധാമസു, സന്തോഷ്‌ കോടനാട്, സുലൈമാൻ മതിലകം, സംഗീതം – അൻവർ അമൻ, ആലാപനം – നിസാർ വയനാട്, സിയാവുൽ ഹക്, അമൻ, ഫവാസ് അലി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ആർട്ട് – അരവിന്ദ് രവി, മേക്കപ്പ് – നിഷാദ് സുപ്രൻ, കോസ്റ്റ്യൂം – അബ്ബാസ് പാണാവളളി, സ്റ്റിൽ – ഷാബു പോൾ, ഫോക്കസ് പുള്ളർ – വിമൽ ഗുരുജി, ക്യാമറ അസിസ്റ്റന്റ് – സംഗീത് കുമാർ, മാനേജർ – വെൽസ് കോടനാട്, പി.ആർ. ഒ – അയ്മനം സാജൻ.

സാജു കൊടിയൻ, കിരൺകുമാർ, ഉണ്ണി എസ്.നായർ, അനയ് എസ്, സുൽഫിക്കർ, വിനോദ് വിരിപ്പിൽ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, , നസീറലി കുഴിക്കാടൻ തുടങ്ങിയവരും അഭിനയിക്കുന്നു.

അയ്മനം സാജൻ