Spread the love

ബെംഗളൂരു: നാല്‍പ്പത്തിയഞ്ചുകാരനായ അനസ്തേഷ്യോളജിസ്റ്റിനെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ മറ്റൊരു മുറിയില്‍ കുത്തേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം.സംഭവത്തില്‍ കിരണിന്റെ ഭാര്യയായ ഡോ. പ്രിയങ്കയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ധാർവാഡിലെ അതീവ സുരക്ഷയുള്ള ഫ്ലാറ്റിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവ സമയത്ത് പുറത്തുനിന്ന് ആരും തന്നെ ഫ്ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചന. സംഭവ സമയത്ത് ഡോ. കിരൺ, ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും പൊലീസ് അറിയിച്ചു. അതേസമയം കുടുംബ വഴക്കാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.