എല്ലാം പിണറായി, പാര്‍ട്ടിക്ക് ഭരണത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ച് സിപിഎം, ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പാര്‍ട്ടി
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള തെരഞ്ഞെടുപ്പ് പ്രചാരണം തിരിച്ചടിയായെന്ന് സിപിഎം കേന്ദ്രകമ്മറ്റി വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ‘തെരഞ്ഞെടുപ്പ് പ്രചാരണത്തെ വ്യക്തിപരമാക്കുകയും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തത്’ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) ‘രാഷ്ട്രീയ സംരംഭത്തിന്’ നഷ്ടമുണ്ടാക്കിയ നിരവധി ഘടകങ്ങളില്‍ ഒന്നായി പാര്‍ട്ടി വിലയിരുത്തി.പ്രചാരണത്തെ വ്യക്തിഗതമാക്കിയത് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ’പ്രതിലോമകരമായ ഭരണവര്‍ഗ’ പക്ഷപാതത്തിനെതിരായ പാര്‍ട്ടിയുടെ കാതലായ ഇടതുപക്ഷ-മതേതര സന്ദേശത്തെ ദുര്‍ബലപ്പെടുത്തി. പിണറായി വിജയനില്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തില്‍ പാളിച്ചയുണ്ടായി. ഒരാളില്‍ എല്ലാം കേന്ദ്രീകരിക്കുന്നു എന്ന തെറ്റായ പ്രചാരണത്തിന് ഇതിന് കാരണമായി. ഇത് യുഡിഎഫിന് പിണറായി വിജയന് നേരെ ആക്രമിക്കാനുള്ള അവസരം നല്കി.
പിണറായി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് ഭരണത്തില്‍ നിയന്ത്രണം ഉണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഔദ്യോഗികമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ പ്രചാരണം പിണറായി വിജയനില്‍ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാന്‍ എതിരാളികളെ സഹായിച്ചുവെന്നും, കെ.കെ ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശം നല്‍കിയെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ അവാസാന 5 വര്‍ഷത്തെ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ശരിവെക്കുന്നതാണ് അവലോകന റിപ്പോര്‍ട്ട്.
പാര്‍ട്ടിക്കും പിണറായി സര്‍ക്കാരിനും ഇടയില്‍ ഏകോപനം ഉണ്ടായില്ലെന്നും മന്ത്രിമാര്‍ പ്രവര്‍ത്തകരില്‍ നിന്ന് അകന്നുവെന്നും നേതാക്കളുടെ ആഡംബര ജീവിതവും തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മിക്കതും പരിഹരിച്ച ഭരണമായിരുന്നുവെന്ന മുന്‍പത്തെ അവകാശവാദം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ തള്ളുന്നുണ്ട്. ലെനിന്റെയും പി കൃഷ്ണപിള്ളയുടെയും വാക്കുകള്‍ ചൂണ്ടിക്കാട്ടി സ്വയം വിമര്‍ശനം വേണമെന്നും തെറ്റ് ഏറ്റ് പറയാന്‍ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തെ ഉപദേശിക്കുന്നുണ്ട്.

