Spread the love

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തട്ടിക്കയറിയ സംഭവത്തിൽ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. കെപിസിസി നിർദേശപ്രകാരം ഡിസിസി അദ്ധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. അതിനിടെ അനിലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും ശക്തമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സാധാരണഗതിയിൽ നേതാക്കൾക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ സമയപരിധി വ്യക്തമാക്കാറുണ്ടെങ്കിലും ചേന്തി അനിലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല. സംഭവത്തിൽ ചേന്തി അനിലിനെ ഇന്ന്‌ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ ചേന്തിയിൽ നടക്കാനിരുന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.

അതേസമയം, ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചതാണെന്നാണ് അനിൽ അവകാശപ്പെടുന്നത്. അവസാനനിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി.