Spread the love

പ്രസിദ്ധ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

കൊച്ചി: പ്രസിദ്ധ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആദ്യ നൂറുകോടി ചിത്രം പുലിമുരുകന്‍ അടക്കം അമ്പതിലേറെ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റില്‍ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശൗചാലയത്തില്‍ പോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ച ഷാജി കുമാര്‍ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോള്‍ മലയാളത്തിലെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ കരുത്തായി മാറി . ഫിലിമില്‍ ചിത്രീകരണം ആരംഭിച്ച ഷാജി കുമാര്‍ വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റല്‍ സിനിമയിലും ആവര്‍ത്തിച്ചു . ക്യാമറയിലും ലൈറ്റിങ്ങിലും നിറവിന്യാസത്തിലും വന്ന കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് സ്വയം പുതുക്കിപ്പണിത് , കഥ പറച്ചിലിലെ പുതുമകള്‍ കൂടി ഉള്‍ക്കൊണ്ട് ദൃശ്യ പരിചരണത്തില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തി ക്യാമറ ചലിപ്പിക്കുന്ന ഷാജി കുമാര്‍ തന്റെ സമകാലീനര്‍ക്ക് കാലിടറിയ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങില്‍ മികച്ച വിജയങ്ങള്‍ തുടര്‍ച്ചയായി സമ്മാനിച്ചു . ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാര്‍ , വൈശാഖ് തുടങ്ങി പുതുതലമുറയിലെ തരുണ്‍ മൂര്‍ത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാര്‍ .

2001-ലാണ് ഷാജി കുമാര്‍ ക്യാമറയുമായി സിനിമയിലെത്തുന്നത്. ഉത്തമന്‍ ആയിരുന്നു ആദ്യ ചിത്രം.മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പന്‍ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകള്‍ .