എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ.
‘സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണ് കോടതിയുടെ നടപടികൾ. പരിഹസിക്കുകയും ചെയ്തു. ഡ്രാമ പോലെയാണ് തോന്നുന്നത്. പോസിറ്റീവായി കാര്യങ്ങൾ നടക്കുമെന്നാണു കരുതിയത്. സാധാരണക്കാരായ ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല. ഇനി എന്താണ് നടക്കാൻ പോകുന്നതെന്നും അറിയില്ല.
കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന നടപടിയാണ് ഉണ്ടായത്. പൊലീസിനും കോടതിക്കും വീഴ്ചകളുണ്ട്. സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായി. അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വന്നത്. ഈ വിധിയോടെ തോറ്റു പിന്മാറുമെന്ന് കരുതേണ്ട. കഴിയുന്നതുപോലെ കേസുമായി മുന്നോട്ടുപോകും. പക്ഷേ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്’- ഭദ്രകീർത്തി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോ എന്നും കോടതി ചോദിച്ചു. പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി. പരമാവധി ഏഴ് വർഷവും അതിൽ കൂടുതലും ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് മാത്രമേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളു. അങ്ങനെയൊരു കുറ്റം ഇവിടെ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ആഡംബര ബെൻസ് കാറിടിച്ചാണ് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. ഈ വാഹനം ജഡ്ജിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വാഹനം മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന തെളിവുകൾ ലഭിച്ചിരുന്നു. അപകടത്തിന് പിന്നാലെ കേസ് അട്ടിമറിക്കാനും പ്രതിയുടെ ഫോണിലെയും ഇൻസ്റ്റഗ്രാമിലെയും തെളിവുകൾ നശിപ്പിക്കാനും ജഡ്ജിയും പൊലീസും ശ്രമിച്ചതായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

