രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയത്തെ തുറന്ന് വിമര്‍ശിച്ച് ഇടതു സഹയാത്രികനും മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. ബി ഇക്ബാല്‍. ഭരണ വിരുദ്ധ വികാരം മനസിലാക്കിയില്ല. ഭരണകൂടവും മുന്നണിയും ജനങ്ങളില്‍ നിന്ന് അകന്നു. അഴിമതി ആരോപണം, ആഗോള അയ്യപ്പസംഗമം, സ്വര്‍ണക്കടത്തു കേസ് വിവാദങ്ങള്‍ വിനയായി
ബി. ഇക്ബാലിന്റെ എഫ്ബി പോസ്റ്റ്
കേരള നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍: രണ്ട്
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിട്ട കനത്ത പരാജയം തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. കാരണം അതിലേക്കുള്ള വ്യക്തമായ സൂചനകള്‍ നേരത്തെ തന്നെ രാഷ്ട്രീയ ഭരണരംഗങ്ങളില്‍ പ്രകടമായിരുന്നു.
കേരളത്തില്‍ പൊതുവില്‍ എല്‍ ഡി എഫും യുഡീഎഫും മാറിമാറിയാണ് ഭരിച്ചിരുന്നത്. അതില്‍ നിന്ന് വ്യത്യസ്ഥമായി 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്, കോവിഡ് മഹാമാരിയുടെ സവിശേഷ സാഹചര്യത്തില്‍ നടന്ന ഒന്നായി വേണം വിലയിരുത്താന്‍. ഒരു വലിയ പ്രതിസന്ധി ഘട്ടം വളരെ ഫലപ്രദമായി തരണം ചെയ്തുവന്നിരുന്ന സര്‍ക്കാരിനെ മാറ്റാന്‍ ആഗ്രഹിക്കാത്ത ജനങ്ങളുടെ വിവേകപൂര്‍വ്വമായ തീരുമാനമാണ് അന്ന് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാക്കിയത്.
ഭരണവിരുദ്ധ വികാരത്തിന്റെ തുടക്കം2021-26 ഭരണകാലത്ത് തന്നെ കേരളത്തില്‍ എല്‍.ഡി.എഫ് വിരുദ്ധ വികാരം ശക്തമായി വളര്‍ന്നു വന്നിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. ഇക്കാലയളവില്‍ നടന്ന വിവിധ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം. 2021-ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തങ്ങളുടെ സിറ്റിങ്ങ് സീറ്റില്‍ ഭൂരിപക്ഷം ഗണ്യമായി വര്‍ധിപ്പിച്ചു. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണിയില്‍ നിന്നും യു.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചു. സഖാവ് കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ചേലക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും, ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായി.
2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, 2019 ലേതുപോലെ തന്നെ എല്‍.ഡി.എഫ് വിരുദ്ധ തരംഗമുണ്ടായി. അവര്‍ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അഖിലേന്ത്യാ തലത്തില്‍ ഇടത് പാര്‍ട്ടികള്‍ ദുര്‍ബലമായതുകൊണ്ടാണ് ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, കേരളസമൂഹത്തില്‍ പലകാരണങ്ങളാല്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാവകാശം വളര്‍ന്നു വന്നുകൊണ്ടിരുന്ന ഭരണത്തൊടുള്ള അതൃപ്തികൂടിയാണ് എല്‍.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനു പിന്നിലുണ്ടായിരുന്നത്. ഈ ഭരണവിരുദ്ധ മനോഭാവത്തിന്റെ ആഴം 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിച്ചു. യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വലിയ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായത്. സത്യത്തില്‍ സംസ്ഥാന ഭരണത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാനാണ് ജനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പ് അവസരമാക്കിയതെന്ന വസ്തുത കണക്കിലെടുത്ത് ഭരണരംഗത്തെ പിഴവുകള്‍ തിരുത്താന്‍ ശ്രമങ്ങളൊന്നുമുണ്ടായില്ല.
2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയും, ഒരു വിഭാഗം പരമ്പരാഗത വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്ക് ചായുന്നതും ഇടതുപക്ഷത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കി. ഈ വോട്ടുചോര്‍ച്ച തടയാന്‍ അവര്‍ സ്വീകരിച്ച പല നിലപാടുകളും ഇടത് പക്ഷം തങ്ങളൂടെ മതേതരമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവോ എന്ന എന്ന സംശയം സമൂഹത്തില്‍ ഉളവാക്കി.
സര്‍ക്കാരിന്റെ പ്രതിച്ഛായയും വിവാദങ്ങളും
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെത്തുമ്പോള്‍ ഇടതുപക്ഷ ഭരണകൂടവും മുന്നണിയും ജനങ്ങളില്‍ നിന്നും കൂടുതല്‍ അകന്നതായാണ് കാണാന്‍ കഴിയുന്നത്. ആരോഗ്യമേഖലയില്‍ 2006, 2016-21 കാലഘട്ടങ്ങളിലെ ഇടതുമുന്നണി ഭരണത്തില്‍ വലിയ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും, അവശ്യാനുസരണം ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കാത്തതും, അതിന്റെ കൂടി ഫലമായുണ്ടായ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും ആശാവര്‍ക്കര്‍മാരുടെ സമരത്തോടുള്ള നിഷേധാത്മകമായ സമീപനവും ജനങ്ങളില്‍ വലിയ അതൃപ്തിയുണ്ടാക്കി. മിക്ക സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരില്ലാത്തതും നാലുവര്‍ഷ കോഴ്‌സുകളിലെ അവ്യക്തതയും ഈ മേഖലയെ പ്രതിസന്ധിയിലാക്കി. വിദ്യാര്‍ത്ഥികളുടെ വന്‍തോതിലുള്ള വിദേശപലായനം ഉന്നതവിദ്യാഭ്യാസമേഖലയിലെ ഗുണനിലവാര തകര്‍ച്ചയുടെയും യുവാക്കളുടെ തൊഴിലില്ലായ്മയുടെയും പ്രതിഫലനമായി പൊതുവേ വിലയിരുത്തപ്പെട്ടു.
ഇതോടൊപ്പം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പാളിപ്പോയതും, ഇതുമായി ബന്ധപ്പെട്ട് ഉന്നത നേതാക്കള്‍ക്കെതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. ആഗോള അയ്യപ്പ സംഗമം, സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
മുന്നണിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണവുംകേരള രാഷ്ട്രീയചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത രീതിയിലുള്ള പൊട്ടിത്തെറിയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇടതുപക്ഷ പാര്‍ട്ടികളിലുണ്ടായിട്ടുള്ളത്. ചില എല്‍.ഡി.എഫ് എം.എല്‍.എ മാരും മുന്‍ എം എല്‍ എ മാരും കോണ്‍ഗ്രസ്സ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് കനത്ത ആഘാതമായി. ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഇടത് മുന്നണിക്ക് വലിയ വീഴ്ച സംഭവിച്ചു. യുവജനങ്ങളെയും വനിതകളെയും അവഗണിച്ചു എന്ന വിമര്‍ശനം ഉയര്‍ന്നു. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ ജനപ്രിയരായ ചിലരെ ഒഴിവാക്കുകയും, ചിലരെ അത്ര സുരക്ഷിതമല്ലാത്ത മണ്ഡലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി പിന്നിലായിരുന്നു. കേരളത്തിനകത്തോ പുറത്തോ നിന്നും ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രഭാഷകരെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മൊത്തത്തില്‍ നോക്കിയാല്‍, ചില എം.എല്‍.എമാരുടെ വ്യക്തിപരമായ ജനപ്രീതി ഒഴിച്ചുനിര്‍ത്തിയാല്‍, സംസ്ഥാനത്തെമ്പാടും ഇടതുമുന്നണി ഭരണത്തിനെതിരെ വ്യക്തമായ അതൃപ്തി പ്രകടമായിരുന്നു. ഇടതുമുന്നണിയിലെ പാര്‍ട്ടി അംഗങ്ങളിലും അനുഭാവികളിലും വലിയൊരു വിഭാഗം സര്‍ക്കാര്‍ വിരുദ്ധ നിലപാടിലേക്ക് മാറിയത് ഈ തോല്‍വിയുടെ ആഴം വര്‍ധിപ്പിച്ചു.
ഈ തോല്‍വി ഇടതുപക്ഷത്തിന് വലിയൊരു പാഠമാണ്. പരമ്പരാഗതമായ വോട്ട് ബാങ്കുകളിലും പാര്‍ട്ടി അച്ചടക്കത്തിലും മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു. വരും കാലങ്ങളില്‍, ഭരണനേട്ടങ്ങളോടൊപ്പം ഭരണരംഗത്തുണ്ടായ വീഴ്ചകളും രാഷ്ട്രീയനിലപാടുകളും പ്രവര്‍ത്തനശൈലിയും ആഴത്തില്‍ പുനഃപരിശോധിക്കാനും, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും ഇടതുപക്ഷം തയ്യാറാകേണ്ടതുണ്ട്. അതിനുള്ള ആന്തരിക കരുത്തും പ്രത്യയശാസ്ത്ര ദൃഢതയും ഇടത് പാര്‍ട്ടികള്‍ക്കുണ്ട്

