Spread the love

അനിൽ നമ്പ്യാർ ജനം ടിവി വിട്ടു, രാജിയോ, അതോ നിർബന്ധിത സേവനം അവസാനിപ്പിക്കലോ

തിരുവനന്തപുരം : വിവാദ വാർത്തകൾ സൃഷ്ടിക്കുകയും സ്വയം വിവാദത്തിൽ ആവുകയും ചെയ്ത മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ബിജെപി അനുകൂല ചാനലായ ജനം ടിവി വിട്ടതായി സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ അനിൽ എഴുതിയ കുറിപ്പുകളും പോസ്റ്റുകളും അനിലിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നൽകുന്നതായിരുന്നു. കേരള മുഖ്യമന്ത്രിയോട് മൃദു സമീപനം സ്വീകരിക്കുന്ന പോസ്റ്റ് ചർച്ചയായിരുന്നു. ജനം ടിവിയിലെ നാളുകൾ എണ്ണപ്പെട്ടു എന്ന ധാരണ ഇത് സൃഷ്ടിക്കുകയും ചെയ്തു.

ജനം ടിവിയുടെ സ്ഥാപക കാലം മുതല്‍ ചാനലിന്റെ മുന്‍നിര മുഖമായിരുന്നു അനില്‍ നമ്പ്യാര്‍ അടുത്ത കാലത്ത് കാസര്‍കോട്ടെ ഒരു വിഷയവുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാര്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ തോതില്‍ വിവാദമായിരുന്നു. ഈ വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുന്നത്.

ജനം ടിവി പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ചാനലിന്റെ പ്രധാന അമരക്കാരിലൊരാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അനില്‍ നമ്പ്യാര്‍. മുമ്പ് സൂര്യ ടിവി ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളില്‍ മുതിര്‍ന്ന പദവികള്‍ വഹിച്ച ശേഷമാണ് അദ്ദേഹം ജനം ടിവിയുടെ ഭാഗമാകുന്നത്.

സൂര്യ ടിവിയുടെ ഭാഗമായിരിക്കെ വ്യാജരേഖ കേസിൽ ആരോപണ വിധേയനാവുകയും ചെയ്തു.

 

ജനം ടിവിയിലെത്തിയതോടെ സംഘപരിവാര്‍ മാധ്യമപ്രവര്‍ത്തകരില്‍ മുൻനിരയിലേക്ക് വേഗം മാറുകയായിരുന്നു.

വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ സംഘപരിവാര്‍ അനുകൂല നിലപാടുകളും ചാനല്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ടായിരുന്നു. ചാനലിന്റെ പ്രൈം ടൈം ഡിബേറ്റുകളിലൂടെ ആര്‍ എസ് എസ് നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ജനം ടിവി വിടാനുള്ള അദ്ദേഹത്തിന്റെ നീക്കം.

പ്രമുഖ വ്യവസായി ചെങ്കല്‍ രാജശേഖരന്‍ നായരാണ് ജനം ടിവിയുടെ നിലവിലെ ചെയര്‍മാന്‍. പ്രശസ്ത സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ചാനലിന്റെ വര്‍ക്കിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കുമ്പോള്‍, മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ജയകുമാറിനും നിര്‍ണ്ണായക ഭരണച്ചുമതലകളുണ്ട്.

അനിൽ നമ്പ്യാർ രാജിവെച്ചതാണെന്നും അല്ല മാനേജ്മെൻറ് ഒഴിയാൻ ആവശ്യപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പുതിയ ഒരു മാധ്യമ സ്ഥാപനത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് അനിൽ നമ്പ്യാർ എന്നും പറയുന്നു. അതിൻറെ ഭാഗമായാണ് ജനം ടിവി വിട്ടതത്രെ.

ബിജെപി പുനസംഘടന നീക്കങ്ങൾക്കിടെ ചാനൽ തലപ്പത്ത് ഉണ്ടായ മാറ്റവും ശ്രദ്ധേയമാകുന്നു.