തിരുവനന്തപുരം : ബിജെപി ദേശീയതലത്തിലും നടത്തിയ സംഘടനാ പുനസംഘടന കേരള ഘടകത്തിലും പ്രതിഫലിക്കും. ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കിയതും അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കിയതും വരുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള മുന്നൊരുക്കമാണ്.
കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വീണ്ടും മാറ്റം വരുത്തുന്നതാണ് ഈ പുനസംഘടന. കെ സുരേന്ദ്രനെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് കേട്ടിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിലേക്ക് വന്നതോടെ തൽക്കാലം മന്ത്രിസഭയിലേക്കുള്ള സാധ്യത അടഞ്ഞു.
ജോർജ് കുര്യൻ കേന്ദ്രമന്ത്രി പദം ഒഴിഞ്ഞതോടെ കേരളത്തിൽ നിന്നും പല നേതാക്കളുടെയും പേരുകൾ പ്രചരിച്ചിരുന്നു. വരുന്ന മന്ത്രിസഭ പുനസംഘടനയിൽ കേരളത്തിൽ നിന്നും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരു മന്ത്രി ഉണ്ടാകുമെന്ന് സൂചനകളുണ്ട്.
ബിജെപിയിൽ ചേക്കേറി എങ്കിലും പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ഗവർണർ ഉൾപ്പെടെ പല പോസ്റ്റുകളിലും പിസിയുടെ പേര് പ്രചരിച്ചിരുന്നു. മകൻ ഷോൺ ജോർജിനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പദവിയിലേക്ക് ഉയർത്തിയതാണ് പ്ലാത്തോട്ടം കുടുംബത്തിന് ബിജെപി പ്രവേശനത്തിൽ നിന്നും ലഭിച്ച രാഷ്ട്രീയനേട്ടം.
കഴിഞ്ഞദിവസം ബിജെപിയുടെ ഫണ്ട് വിവാദത്തിൽ പിസി ജോർജ് നടത്തിയ പരാമർശം വിവാദമായിരുന്നു. പൂഞ്ഞാറിൽ നാലരക്കോടി രൂപയോളം രൂപ ചെലവഴിച്ചുവെന്നും അത് പലരും മുക്കിയെന്നുമായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം രംഗത്ത് വന്നിട്ടുണ്ട്.
പിസി മാനസികമായി ബിജെപിയോട് അകന്നു എന്നാണ് സൂചനകൾ. മകൻറെ ഭാവി മാത്രം കണക്കിലെടുത്താണ് ഇനിയൊരു സാഹസത്തിന് തയ്യാറെടുക്കാത്തത്.
സുരേന്ദ്രൻ പക്ഷം വീണ്ടും കരുത്താ ർജ്ജിക്കുന്നത് പിസിയുടെ രാഷ്ട്രീയ ഭാവിയെ സംഘടനയിൽ എങ്ങനെ ബാധിക്കും എന്ന് ഇപ്പോൾ വ്യക്തമല്ല. പിസിയുടെ ബിജെപി പ്രവേശനത്തെ സുരേന്ദ്രൻ വിഭാഗം അനുകൂലിച്ചിരുന്നില്ല. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിലേക്കുള്ള പാലം എന്ന നിലയിലാണ് പിസിയെ ഉൾപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിസി ഉയർത്തിയ വിവാദങ്ങൾ ആ ലക്ഷ്യം നിറവേറ്റുന്നതിന് കടമ്പയായി.
ബിജെപിക്ക് തിരുവനന്തപുരം ജില്ലയിൽ 3 എംഎൽഎമാരെ ലഭിച്ചുവെങ്കിലും മധ്യകേരളത്തിലോ പ്രത്യേകിച്ച് പിസിയുടെ തട്ടകമായ മീനച്ചിൽ മേഖലയിലോ കാര്യമായ ചലനം സൃഷ്ടിച്ചില്ല. പിസി ജോർജ് ജോർജ്ജും ഷോൺ ജോർജും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലെ മത്സരവും അത്ര ആവേശകരമായിരുന്നില്ല.
ജോർജ് കുര്യൻറെ ഒഴിവിൽ കേരളത്തിൽ നിന്ന് അനൂപ് ആന്റണിയുടെ പരിഗണനയിലുണ്ട്. കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലുള്ള ഇതര നേതാക്കളെയും പരിഗണിക്കുന്നു. ഈ പുനസംഘടനയിൽ പിസി ജോർജിനെയോ ഷോൺ ജോർജിനെയോ പരിഗണിച്ചില്ലെങ്കിൽ പുതിയ ഒരു രാഷ്ട്രീയ നീക്കത്തിന് പിസി ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അത്തരത്തിലുള്ള ചില ചർച്ചകൾ നടക്കുന്നതായി സൂചനയുണ്ട്. അനിൽ ആൻറണിയെ കെ സുരേന്ദ്രനൊപ്പം ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനിലിനും ഈ ഘട്ടത്തിൽ മന്ത്രിസഭാ പ്രവേശനം നൽകുമെന്ന് സൂചനയില്ല.

