Spread the love

അച്ചടക്കനടപടിയെടുത്ത പ്രിന്‍സിപ്പലിനെ കൊന്ന് പണം കവര്‍ന്ന പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പിടിയില്‍

 

തെലങ്കാനയില്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു വിദ്യാര്‍ഥികള്‍ പിടിയിലായി. തെലങ്കാന കൊണ്ടമല്ലേപ്പള്ളി നാഗാര്‍ജുന പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഓഗസ്റ്റ് 11ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 27 തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭര്‍ത്താവ് രാജേന്ദര്‍ റെഡ്ഡി ഹൈദരാബാദിലായിരുന്നു. അമ്മായിയമ്മയുമായി രൂപ സംസാരിച്ച അവസാന ഫോണ്‍ കോളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സംസാരിക്കുന്നതിനിടെ രൂപ ‘ബാബു’ എന്നുവിളിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. സാധാരണ രൂപ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വിളിക്കാനാണ് ബാബു എന്ന വാക്കുപയോഗിക്കുന്നത്. ഇക്കാര്യം അമ്മായിയമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അദ്ധ്യാപികയുടെ ദിനചര്യ കൃത്യമായി അറിയാവുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ചോദ്യംചെയ്തു.

ഇതിനിടെയാണ് പത്താംക്ലാസിലെ രണ്ടുവിദ്യാര്‍ഥികള്‍ പാര്‍ട്ടിയും മറ്റും നടത്തിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരില്‍ നിന്നും 1.51 ലക്ഷം രൂപയും ഐഫോണും പിടിച്ചെടുത്തു. പണം രക്ഷിതാക്കള്‍ നല്‍കിയതാണെന്ന് വിദ്യാര്‍ഥകള്‍ മൊഴി നല്‍കിയെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ നോട്ടുകളില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്.

വിദ്യാര്‍ഥികളില്‍ ഒരാളില്‍നിന്ന് നേരത്തെ പ്രിന്‍സിപ്പലും സ്‌കൂള്‍ ജീവനക്കാരും മൊബൈല്‍ ഫോണും പണവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍നിന്ന് മാറ്റാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിക്കുകയും വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രിന്‍സിപ്പലിനെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

അഞ്ചുദിവസമായി വിദ്യാര്‍ഥകള്‍ രൂപയെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കത്തിയും ഗ്ലൗസും വാങ്ങിയ ഇവര്‍ രൂപയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശവും നിരീക്ഷിച്ചു. സിസിടിവി കാമറകളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ഇവര്‍ രൂപ റെഡ്ഡിയുടെ വീട്ടിലെത്തിയത്. ഒരാള്‍ വീടിന്റെ മതില്‍ചാടി അകത്തേക്ക് എത്തുകയും മറ്റൊരാള്‍ പുറത്ത് കാത്തിരിക്കുകയുമായിരുന്നു. വീട്ടില്‍ കയറി പണം തെരയുന്നതിനിടെ വിദ്യാര്‍ത്ഥിയെ രൂപ കണ്ടു. തന്നെ തിരിച്ചറിയുമെന്ന് ഭയന്നതോടെയാണ് പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴുക്കുചാലിലേയ്ക്ക് വലിച്ചെറിഞ്ഞു.