Spread the love

ന്യൂഡൽഹി: ആക്സിയം -4 ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അടക്കമുള്ള യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

കലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു. ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റി. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനു പിന്നാലെ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങി. സ്പേസ് എക്സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്.

അതേസമയം കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗം തീരത്തേക്ക് എത്തിക്കും.