നീണ്ട നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ജീവിതത്തിലേക്ക് പുതിയ അധ്യായം തുറന്ന് അഹാന കൃഷ്ണയും നിമിഷ് രവിയും. സെപ്റ്റംബർ 13ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഛായാഗ്രാഹകൻ നിമിഷ് രവി വിവാഹവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ‘എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ഇപ്പോൾ എന്റെ ഭാര്യ’ എന്ന കുറിപ്പിനൊപ്പമാണ് നിമിഷ് ചിത്രങ്ങൾ പങ്കുവച്ചത്.
അഹാനയും നിമിഷിനൊപ്പമുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമായി.
“ഇരുപതാം വയസിൽ നിന്നെ കണ്ടുമുട്ടി, മുപ്പതാം വയസിൽ നിന്നെ വിവാഹം ചെയ്തു” എന്ന് തുടങ്ങുന്ന ഹൃദ്യമായ കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തും കാമുകനും ഇപ്പോൾ ജീവിതപങ്കാളിയുമായ നിമിഷിനൊപ്പമുള്ള ഓരോ നിമിഷത്തിനും തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് അഹാന കുറിച്ചു.
ഒരുമിച്ച് പ്രായമാകാനും സ്വന്തമായി ഒരു ലോകം കെട്ടിപ്പടുക്കാനുമുള്ള യാത്രയാണ് ഇനി മുന്നിലുള്ളതെന്നും താരം കുറിപ്പിൽ പറഞ്ഞു. സ്വപ്നവിവാഹം യാഥാർഥ്യമാക്കാൻ കഴിഞ്ഞ കുറേ മാസങ്ങളായി ഒപ്പം നിന്ന ഇവന്റ് മാനേജ്മെന്റ് ടീമിനും അഹാന നന്ദി അറിയിച്ചു.
ഏകദേശം പത്ത് വർഷത്തെ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്. തിരുവനന്തപുരത്തെ കോവളം താജിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. സെപ്റ്റംബർ 12ന് പ്രീ-വെഡ്ഡിങ് ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ അഹാനയുടെയും നിമിഷിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും വിവാഹചിത്രങ്ങൾ പങ്കുവച്ചതോടെയാണ് താരങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്.

