Spread the love

ഒറ്റപ്പാലം∙ പാലക്കാട്–കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ. അജയ് എന്നിവരാണ് മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണ് പരുക്കേറ്റത്.

പുലർച്ചെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.

മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.