Spread the love

അടൂർ : ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടെന്ന ആരോപണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് ടു സയൻസ് വിഭാഗത്തിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിയായ 16കാരനെ മർദിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസിൽനിന്ന് വിളിച്ചിറക്കി സ്കൂൾ സ്റ്റേജിന് പിന്നിലെത്തിച്ചാണ് മർദിച്ചതെന്ന് വിദ്യാർഥി പറയുന്നു. ഇടിവള ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു. വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ തടഞ്ഞുവച്ച് ശുചിമുറിയിൽ പൂട്ടിയിട്ടതായും ആരോപണമുണ്ട്.

മർദനത്തിൽ മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.