Spread the love

പട്യാല : പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം അമൃത്സർ കർമഭൂമി എക്സ്പ്രസിന് തീപിടിച്ചു. എൻജിനിൽനിന്ന് അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാൻട്രിയിൽനിന്ന് തീ പടർന്നതാണെന്നും ചില റിപ്പോർട്ടുകളുണ്ട്.

ട്രെയിനിന്റെ ബോഗികളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെയും യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ ആളപായമോ പരുക്കുകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.