Spread the love

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഐശ്വര്യയില്‍നിന്നു പൊലീസിനു ലഭിക്കുന്നതു നിര്‍ണായക വിവരങ്ങള്‍.  കൊലയ്ക്കു ശേഷം അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്തു കൊണ്ടുപോയി നശിപ്പിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് രണ്ടാം പ്രതി ഉമറിന്റെ കാമുകി ഐശ്വര്യ മൊഴി നല്‍കി.

അഭിരാം മരിച്ചുവെന്ന് ഉറപ്പിച്ചതിനു ശേഷം ഒന്നാം പ്രതിയായ പതിനേഴുകാരന്‍ ശ്രീകാര്യത്തെ ഒരു ആക്രിക്കടയില്‍ എത്തി 30 രൂപ കൊടുത്ത് പ്ലാസ്റ്റിക് ചാക്ക് വാങ്ങുകയും ചെയ്തു. മൃതദേഹം ചാക്കിലാക്കി വാഹനത്തില്‍ മറ്റൊരിടത്തേക്കു കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ഇവരുടെ പദ്ധതികൾ തകർത്ത സ്ഥലത്ത് കനത്ത മഴ പെയ്തതിനാല്‍ എല്ലാം പാളി. തുടര്‍ന്ന് ചാക്കിലാക്കിയ മൃതദേഹം കൊല നടത്തിയ കാടുപിടിച്ച ഒഴിഞ്ഞ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മടങ്ങുകയായിരുന്നു.

അതേസമയം ശ്രീകാര്യത്തെ കടയുടമ പതിനേഴുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ നാലു പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണു നല്‍കിയിരിക്കുന്നത്. കാപ്പ കേസില്‍ പ്രതിയായിരുന്ന 22കാരനായ ഉമറാണ് കൊലപാതകത്തിന്റെ മുഴുവന്‍ ആസൂത്രണവും നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. അഭിരാമിനെയും തന്നെയും ആക്രമിക്കുമെന്ന് പ്രതികള്‍ മുന്‍പ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിരാമിന്റെ സുഹൃത്തും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

തൻ്റെ ഫോൺ വീട്ടിൽവെച്ചിട്ടാണ് ഉമർ ഇവിടേയ്ക്ക് എത്തിയത്. ക്യാമറയുളള പ്രധാന വഴി ഒഴിവാക്കി മറ്റൊരു ചതുപ്പിനടുത്തുകൂടിയാണ് ഉമർ അവിടെ എത്തിയത്. വീട്ടിൽ നിന്നിറങ്ങി തിരിച്ചുവരുന്ന സമയംവരെ ഐശ്വര്യ ഉമറിൻ്റെ ഫോണിൽ കോൾ കണക്ട് ചെയ്ത് വെച്ചിരുന്നു. ആ ഫോൺ പരിശോധിച്ചാൽ തന്നെ രക്ഷിക്കാനുള്ള പഴുത് അഭിഭാഷകന് ലഭിക്കുമെന്ന് ഉമർ പദ്ധതിയിട്ടിരുന്നു.

കേസിലെ നിർണായക തെളിവുകൾ കണ്ടെത്തിയിട്ടില്ല എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന കാര്യം. അഭിരാമിന്റെ ഫോൺ, പ്രതിയായ പതിനെട്ടുകാരി ആനന്ദയുടെ ഫോൺ, ഒന്നാം പ്രതി പതിനേഴുകാരന്റെ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ ഫോണുകളും വസ്ത്രവും തോട്ടിൽ കളഞ്ഞു എന്നാണ് പ്രതികളുടെ മൊഴി. സ്‌കൂബാ ടീം എത്തി മുങ്ങിത്തപ്പിയിട്ടും ഇവ ഇതുവരെ കണ്ടെത്തിയിട്ടില്ല.