ബിഗ് ബോസ് മലയാളം സീസൺ 8 വീക്കെൻഡ് എപ്പിസോഡിൽ നാടകീയ രംഗങ്ങൾ. തഷിയോടുള്ള നേഹയുടെ ഇഷ്ടം അറിഞ്ഞതിനു പിന്നാലെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലെത്തിയതും ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അമ്മ ചോദ്യം ചെയ്തതുമാണ് എപ്പിസോഡിലെ പ്രധാന സംഭവങ്ങൾ.
ബിഗ് ബോസ് വീട്ടിൽ ചെയ്യരുതെന്ന് പറഞ്ഞ കാര്യം നേഹ തന്നെ ചെയ്തില്ലേ എന്നായിരുന്നു അമ്മയുടെ ചോദ്യം. തഷിയുമായുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു പരാമർശം. എന്നാൽ താൻ തഷിയുമായി അത്ര അടുപ്പത്തിലല്ലെന്നും അകലം പാലിച്ചാണ് നിൽക്കുന്നതെന്നും നേഹ മറുപടി നൽകി. തഷിയെ ഇഷ്ടപ്പെടാൻ കഴിയില്ലെന്നും ഇരുവരും തമ്മിൽ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെന്നും നേഹ പറഞ്ഞു.
തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചും നേഹ തുറന്നുപറഞ്ഞു. വീട്ടുകാരെയും തഷിയെയും ഒരുപോലെ നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും തനിക്ക് എന്താണ് തോന്നുന്നതെന്ന് വീട്ടിലുള്ളവർക്കും പുറത്തുള്ളവർക്കും മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും നേഹ പറഞ്ഞു.
എന്നാൽ മാതാപിതാക്കൾ മടങ്ങിയതിന് പിന്നാലെ മൃദുലയോട് തനിക്ക് തഷിയെ ഇഷ്ടമാണെന്ന് നേഹ തുറന്നുപറഞ്ഞു. ഒരാളെ ഇഷ്ടപ്പെടുന്നത് തെറ്റാണോയെന്നും ചോദിച്ചു. മാതാപിതാക്കൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളും പിന്നീട് മൃദുലയോട് നടത്തിയ തുറന്നുപറച്ചിലും നേഹയുടെ നിലപാടിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
അതേസമയം, നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലെത്തിയതിനെച്ചൊല്ലിയും പ്രേക്ഷകർക്കിടയിൽ വിമർശനം ഉയരുന്നുണ്ട്. നിരന്തരം അഭ്യർത്ഥിച്ചതിന് ശേഷമാണ് മാതാപിതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകിയതെന്ന് അവതാരകൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. മറ്റാർക്കും ലഭിക്കാത്ത പ്രത്യേക പരിഗണന നേഹയ്ക്ക് ലഭിക്കുന്നുണ്ടോയെന്നാണ് ചില പ്രേക്ഷകരുടെ ചോദ്യം. തഷിയുമായുള്ള പ്രശ്നങ്ങൾ വഷളാക്കിയത് നേഹയുടെ മാതാപിതാക്കളാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

