Spread the love

അനാമിക വിഷ്ണു എന്ന പേര് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത് ജീവിതത്തിലെ അസാധാരണമായ വിവാഹകഥയിലൂടെയാണ്. അനാഥാലയത്തിൽ വളർന്ന അനാമികയെ സ്വന്തം മകളായി ചേർത്തുപിടിക്കുകയും പിന്നീട് മകന്റെ ജീവിതസഖിയാക്കുകയും ചെയ്ത ഉദയ ഗിരിജയുടെ തീരുമാനമാണ് ഈ കുടുംബത്തെ ശ്രദ്ധേയമാക്കിയത്. ഇപ്പോൾ അനാമികയുടെ ഏറ്റവും പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒന്നര വയസുകാരിയായ മകൾ ഉണ്ണിമോളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചാണ് അനാമിക വീഡിയോയിൽ പങ്കുവെച്ചത്.

ഒരാഴ്ചയായി മകളുടെ അസുഖം ഭേദമാക്കാൻ ആശുപത്രികൾ കയറിയിറങ്ങുകയാണെന്നും കുഞ്ഞിന്റെ ഓക്സിജൻ നില പെട്ടെന്ന് താഴ്ന്നത് വലിയ ആശങ്കയുണ്ടാക്കിയെന്നും അനാമിക പറയുന്നു. ജീവിതത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് താനും ഭർത്താവ് വിഷ്ണുവും കടന്നുപോകുന്നതെന്നും അവർ വ്യക്തമാക്കി.

മകളുടെ ആരോഗ്യനില ഒരുഘട്ടത്തിൽ വളരെ മോശമായിരുന്നുവെന്നും ഒരു ആശുപത്രിയിൽനിന്ന് മറ്റൊരിടത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകേണ്ടിവന്നുവെന്നും അനാമിക പറഞ്ഞു. കുഞ്ഞിന്റെ അവസ്ഥ ഇത്രത്തോളം വഷളാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തകർന്നുപോയെന്ന് പോലും തോന്നിയെന്നും അവർ പങ്കുവെച്ചു.

കുഞ്ഞിന്റെ അസുഖം തുടങ്ങിയതുമുതൽ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. മകളുടെ അസുഖം എത്രയും വേഗം മാറണമെന്ന പ്രാർഥന മാത്രമായിരുന്നു എല്ലാവർക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനായി നിരവധി നേർച്ചകളും പ്രാർഥനകളും നടത്തിയെന്നും അനാമിക പറഞ്ഞു.

ഓക്സിജൻ ട്യൂബ്, ഇഞ്ചക്ഷൻ, ട്രിപ്പ്, ആവി പിടിക്കൽ തുടങ്ങിയ ചികിത്സകൾ കുഞ്ഞിനെ ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ടെന്നും ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അനാമിക പറയുന്നു. മകളുടെ മുഖത്ത് ക്ഷീണവും നീരും ഉണ്ടായിരുന്നതായും ഭക്ഷണം കഴിക്കാത്തത് തനിക്ക് വലിയ ആശങ്കയുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം എസ്ഐടിയിലാണ് കുഞ്ഞിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ഐസിയുവായതിനാൽ ഒരാൾക്ക് മാത്രമാണ് കുഞ്ഞിനൊപ്പം നിൽക്കാൻ അനുമതി. താനാണ് മകൾക്കൊപ്പം ആശുപത്രിയിൽ കഴിയുന്നതെന്നും അനാമിക പറഞ്ഞു.

നേരത്തെ മറ്റൊരു ആശുപത്രിയിലായിരുന്നു കുഞ്ഞിന് ചികിത്സ നൽകിയിരുന്നത്. അവിടെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ആരോഗ്യനില മോശമായതെന്നാണ് അനാമികയുടെ വെളിപ്പെടുത്തൽ. പിന്നീട് തിരുവനന്തപുരം എസ്ഐടിയിലേക്ക് മാറ്റിയതോടെ കുഞ്ഞിന്റെ അവസ്ഥയിൽ പുരോഗതിയുണ്ടായി. ലൈഫ് ലൈൻ അധികൃതർ പറഞ്ഞുതന്ന ചില കാര്യങ്ങളാണ് മകളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചതെന്നും അനാമിക പറഞ്ഞു.

നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും അനാമിക വീഡിയോയിൽ അറിയിച്ചു.

2025 ജൂണിലാണ് അനാമികയും വിഷ്ണുവും ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഉണ്ണിമോൾ എന്നാണ് മകളെ ഇരുവരും സ്നേഹത്തോടെ വിളിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ അനാമിക നേരത്തെയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.