Spread the love

ബെം​ഗളൂരു: മലയാളി യുവാവിനെ ബെം​ഗളൂരുവിൽ അടിച്ചു കൊന്നു. പാലക്കാട് തിരുവേ​ഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. യുവാവിനെ പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്.ഇന്നലെ ബെം​ഗളൂരു യെലഹങ്കള്ളിയിലാണ് സംഭവം. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേ​ഗപ്പുറം സ്വദേശിയായ കിരൺ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. എന്നാൽ ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ അടുപ്പത്തിലായിരുന്നു. തുടർച്ചയായ അവധി വന്നതോടെ മൈസൂരിൽ പഠിക്കുന്ന ഈ കുട്ടി തിരിച്ചുവന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരൺ വീട്ടിലെത്തുകയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ് കണ്ടത് തന്റെ മകൾക്കൊപ്പം നിൽക്കുന്ന യുവാവിനെയാണ്. ഇതോടെ പ്രകോപിതനായ ആനന്ദ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ മർദനമേറ്റു. മർദനത്തെ തുടർന്ന് കിരൺ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.